ഭാരത് അരിയില്‍ നിന്ന് കേന്ദ്രം 10 രൂപ ലാഭം ഈടാക്കുന്നു; മുഖ്യമന്ത്രി
Kerala
ഭാരത് അരിയില്‍ നിന്ന് കേന്ദ്രം 10 രൂപ ലാഭം ഈടാക്കുന്നു; മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2024, 8:30 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭേച്ഛയോടെയും രാഷ്ട്രീയലാഭം ലക്ഷ്യമിട്ടുമാണ് കേന്ദ്ര സര്‍ക്കാര്‍ അരി വിതരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കവെ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

18.59 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 10 രൂപ ലാഭത്തില്‍ 29 രൂപക്ക് ഭാരത് അരിയായി വില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതേ അരി കേരളത്തില്‍ സപ്ലൈകോ 24 രൂപക്കും റേഷന്‍ കടകളില്‍ 10.90 രൂപക്കുമാണ് നല്‍കുന്നതെന്നും അദ്ദഹം പറഞ്ഞു.

കേരളം 40 രൂപക്ക് വാങ്ങുന്ന അരി 11 രൂപ വരെ സബ്‌സിഡിയോടെ 29രൂപക്കും 30 രൂപക്കുമാണ് കെ റൈസ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് സര്‍ക്കാരുകളുടെ സമീപനത്തിലെ വ്യത്യാസമാണ് ഇതില്‍ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കഴിയുന്ന സമയങ്ങളിലൊക്കെ ഭക്ഷണം മുടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസമായി നല്‍കിയ പണം പോലും കേന്ദ്ര സര്‍ക്കാര്‍ പിടിച്ച് പറിച്ചു. എന്നിട്ടും അരിശം തീരാതെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടക്കാനുള്ള നടപികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് ഉപകാരമാകുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ റേഷന്‍ വിതരണത്തിനായി വര്‍ഷം 914 കോടി രൂപയാണ് കേരളം ചെലവയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രം നല്‍കുന്നത് 86 കോടി രൂപ മാത്രമാണെന്നും എന്നിട്ടും പദ്ധതി കേന്ദ്രത്തിന്റെതാക്കി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Content Highlight: Center takes profit of Rs10 on Bharat rice; Chief Minister