| Sunday, 29th December 2024, 6:23 pm

നിരാഹാരസമരം തുടരുന്ന ജഗ്ജിതിന്റെ ആരോഗ്യനില ഗുരുതരം; കര്‍ഷക സംഘടനകളുമായി കേന്ദ്രം ഉടന്‍ ചര്‍ച്ച നടത്തണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും അശാന്തിയും നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും സി.പി.ഐ.എം പറഞ്ഞു.

കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

നവംബര്‍ 26 മുതല്‍ നിരാഹാര സമരം തുടരുന്ന മുതിര്‍ന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

എം.എസ്.പിക്ക് നിയമപരമായ പിന്തുണ നല്‍കാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.

ഈ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ പ്രസ്തുത വിഷയങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ വിസമ്മതിക്കുന്നതിലൂടെ, ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും സി.പി.ഐ.എം പറഞ്ഞു.

ഡിസംബര്‍ 30ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെ.എം.എം) സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്.കെ.എം) പഞ്ചാബില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് നാല് വരെയായിരിക്കും ബന്ദ്.

എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജഗ്ജിത് സിങ് ദല്ലേവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ദിവസം താന്‍ നിരാഹാരം കിടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ജഗ്ജിത് സിങ് പറഞ്ഞിരുന്നു.

‘ഈ രാജ്യത്തെ ഏഴ് ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സമരം ഇനിയും തുടരും,’ എന്നാണ് ജഗ്ജിത് സിങ് പറഞ്ഞത്. നിരാഹാരം ആരംഭിച്ച് ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് ജഗ്ജിത് സിങ്ങിന്റെ പ്രതികരണം.

Content Highlight: Center should hold talks with farmers’ organizations soon: CPIM PB

We use cookies to give you the best possible experience. Learn more