സൈനികരെ അപമാനിച്ച പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രി മാപ്പ് പറയണമെന്ന് ആനി രാജ: വിവാഹേതര ബന്ധം കുറ്റകരമാക്കണമെന്ന കേന്ദ്ര ഹരജിയിലെ വാദങ്ങള്‍ വിവാദത്തില്‍
national news
സൈനികരെ അപമാനിച്ച പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രി മാപ്പ് പറയണമെന്ന് ആനി രാജ: വിവാഹേതര ബന്ധം കുറ്റകരമാക്കണമെന്ന കേന്ദ്ര ഹരജിയിലെ വാദങ്ങള്‍ വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 11:06 am

ന്യൂദല്‍ഹി: സൈനികര്‍ക്കിടയില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കി നിലനിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഹരജിയിലെ വാദങ്ങള്‍ക്കെതിരെ ദേശീയ മഹിളാ ഫെഡറേഷന്‍. കേന്ദ്രത്തിന്റെ പരാമര്‍ശങ്ങള്‍ സൈനികരെയും പങ്കാളികളെയും അപമാനിക്കുന്നതാണെന്നും അവ പിന്‍വലിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാപ്പ് പറയണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.

വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി സായുധസേനാംഗങ്ങള്‍ക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

ഈ ഹരജിയില്‍ കേന്ദ്രം ഉന്നയിച്ച പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. കുടുംബം വഴിവിട്ട നടപടകളില്‍ ഏര്‍പ്പെടുമോയെന്ന ആശങ്കയിലാണ് ജോലി ചെയ്യുന്ന സൈനികരെന്നും സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്ന പ്രാദേശിക യൂണിറ്റിലുള്ളവര്‍ക്ക് സ്വഭാവദൂഷ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഹരജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ വിവാഹേതര ലൈംഗികബന്ധം സൈനികര്‍ക്കിടയില്‍ കുറ്റകരമാക്കി നിലനിര്‍ത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി വിധിക്കുന്നത്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്.

സഹപ്രവര്‍ത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. സുപ്രീം കോടതി വിധി വന്നതോടെ സൈനികര്‍ക്കെതിരെ സ്വഭാവദൂഷ്യത്തിന് നടപടി സ്വീകരിക്കാനാവുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. അതിനാല്‍ സേനാവിഭാഗങ്ങള്‍ക്കിടയില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കി തന്നെ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹരജി പരിഗണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlight: Center should apologize for derogatory comments against Indian Army in extra marital affair issue