ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം തടഞ്ഞതായി സൂചന. മന്ത്രിപദത്തിലിരിക്കെ സുരേഷ് ഗോപി സിനിമിയില്‍ അഭിനയിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിപദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജയിച്ച മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം തൃശ്ശൂര്‍ എം.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയാണ് സുരേഷ് ഗോപിക്ക് മുമ്പിലുള്ളത്.
മന്ത്രി പദവിയിലിക്കെ സുരേഷ് ഗോപിയുടെ സിനിമാ മോഹത്തിന് തിരശീല വീണിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒറ്റക്കൊമ്പന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയുടെ ഈ നീക്കത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
മന്ത്രി പദവിയിലിരിക്കെ പ്രതിഫലം കൈപ്പറ്റിയുള്ള മറ്റൊരു ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ഇതനുസരിച്ച് സുരേഷ് ഗോപി നീങ്ങണമെന്നാണ് മോദിയും അമിത് ഷായും നിര്‍ദേശിച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വം അനുവദിക്കുകയാണെങ്കില്‍ താന്‍ ഉറപ്പായും സിനിമകളില്‍ അഭിനയിക്കുമെന്ന് പല വേദികളില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചുള്ള നിര്‍ദേശമാണ് ഇപ്പോള്‍ ഔദ്യോഗികമായി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
വിഷയത്തില്‍ സംസ്ഥാന സമിതിയോട് കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ അഭിനയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ റിപ്പോര്‍ട്ടുകളാണ് സംസ്ഥാനഘടകം നല്‍കിയതെന്നാണ് സൂചനകള്‍.
Content Highlight: Center says Suresh Gopi should not act; Reportedly, Modi and Amit Shah objected