national news
ചൈനീസ് സൈന്യം നുഴഞ്ഞ് കയറുമ്പോഴും ചൈനീസ് ആപ്പുകളെക്കുറിച്ചാണ് കേന്ദ്രം സംസാരിക്കുന്നത്: വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 16, 05:52 pm
Friday, 16th December 2022, 11:22 pm

ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ സംസാരിക്കുന്ന കേന്ദ്രം, ചൈനീസ് സൈന്യത്തിനെതിരെ മൗനത്തിലാണെന്ന് കോണ്‍ഗ്രസ്.

ചൈനീസ് ആപ്പുകള്‍ക്കെതിരെ സംസാരിക്കുകയും നടപടി എടുക്കുമെന്ന് പറയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറുന്നതിനെ കുറിച്ച് സംസാരിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സുര്‍ജെവാല ചോദിച്ചു.

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയുടെ ആദ്യ അജണ്ടയായി ചൈനീസ് വായ്പാ ആപ്പുകള്‍ക്കെതിരായ വിഷയം സംസാരിക്കാന്‍ കേന്ദ്ര ധനമന്ത്രി തുനിഞ്ഞപ്പോഴാണ് സുര്‍ജെവാല വിമര്‍ശനമുന്നയിച്ചത്.

ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിപക്ഷത്തെ മിണ്ടാന്‍ അനുവദിക്കാതെ ചൈനീസ് ആപ്പുകള്‍ക്കെതിരെ ശൂന്യവേളയില്‍ സംസാരിക്കുകയാണ് സര്‍ക്കാറെന്ന് സുര്‍ജെവാല വിമര്‍ശിച്ചു.

എന്നാല്‍, സാധാരണക്കാരനെ ബാധിക്കുന്നതിനാലാണ് ചൈനീസ് ആപ്പുകളെ കുറിച്ച് സംസാരിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാധാരണക്കാരന്റെ പ്രശ്‌നം കോണ്‍ഗ്രസുകാരന്റെ പ്രശ്‌നമല്ലേയെന്ന് സുര്‍ജെവാലയോട് നിര്‍മല ചോദിച്ചു. ഈ ആപ്പുകളാല്‍ ചതിക്കപ്പെട്ട രാജ്യത്തെ ചെറിയ കടബാധ്യതക്കാരെ കുറിച്ചുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുള്ളതുകൊണ്ടാണ് നടപടി എടുക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അരുണാചലിലും ലഡാക്കിലും ചൈന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

‘ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ്. വെറുമൊരു നുഴഞ്ഞുകയറ്റമായി അതിനെ കാണാനാകില്ല. അവരുടെ ആയുധങ്ങളുടെ ക്രമം നോക്കൂ. യുദ്ധ മുന്നൊരുക്കത്തിന്റെ സൂചനയാണത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുകയും,’ രാഹുല്‍ കുറ്റപ്പെടുത്തി.

Content Highlight: Center says about Chinese apps; Congress Criticizing Central Government Over India-China Border Issue