സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ആസൂത്രിതനീക്കം നടത്തുന്നു: കെ.എന്‍. ബാലഗോപാല്‍
Kerala News
സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ആസൂത്രിതനീക്കം നടത്തുന്നു: കെ.എന്‍. ബാലഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 4:01 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതനീക്കം നടത്തുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. കേന്ദ്രാനുമതി ഉണ്ടെങ്കിലേ മുന്നോട്ടുപോകാനാകൂ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്രം. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് സംസ്ഥാനത്തിന്റെ നിലപാട് വ്യകത്മാക്കി വിശദമായ കത്ത് അയച്ചു. സംസ്ഥാനങ്ങളുടെ താല്‍പ്പര്യം ഹനിക്കുന്ന തരത്തില്‍ ഭരണഘടനാ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ കമീഷന്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ധനകൈമാറ്റത്തില്‍ കുറവു വരുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്പാപരിധി കുറച്ച് 3.5 ശതമാനമാക്കി. കിഫ്ബി, കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനത്തിനായി നല്‍കുന്ന ഗ്യാരന്റി സര്‍ക്കാരിന്റെ കടബാധ്യതയായി നിര്‍വചിച്ചതുമൂലം 14,000കോടി രൂപ കടമായി വിലയിരുത്തി.

വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വഴി പദ്ധതികള്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം എടുത്തുമാറ്റപ്പെട്ടു. ലൈഫ് ഭവന പദ്ധതിക്കായി വായ്പ സമാഹരിക്കുന്നതുപോലും തടസ്സപ്പെടുത്തുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സര്‍വേ പൂര്‍ത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കില്‍ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി. പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവര്‍ കേന്ദ്ര നിലപാട് തിരുത്തിക്കാന്‍ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എല്‍.ഡി.എഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

CONTENT HIGHLIGHTS: Center planning to undermine state’s development and welfare activities: K.N. Balagopal