[share]
[]ന്യൂദല്‍ഹി: ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യാമെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ ഇളവു ചെയ്ത സുപ്രീംകോടതി വിധിയില്‍ പിഴവ് സംഭവിച്ചുവെന്നും കേന്ദ്രം പുന:പരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കിയതിന്റെ ചുവട് പിടിച്ചാണ് സുപ്രീംകോടതി രാജീവ് ഘാതകരുടെ ശിക്ഷ കുറച്ചത്.
രാജീവ് കേസിലെ പ്രതികളുടെ ശിക്ഷ കുറച്ചത് സുപ്രധാനമായ കാര്യമാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മൂന്നംഗ ബെഞ്ചിന്റെ അധികാരപരിധിയില്‍ പെടാത്ത കാര്യത്തിലാണ് കോടതി വിധി പറഞ്ഞതെന്നും കേന്ദ്രം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ദയാ ഹരജിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച്ച ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് പി.സദാശിവന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
ദയാഹരജിയിന്മേല്‍ നടപടിയെടുക്കുന്നത് അന്യായമായി വൈകരുതെന്നും ഉത്തരവില്‍ പറയുന്നു. ദയാ ഹരജി തള്ളിയാല്‍ ആ വിവരം ബന്ധുക്കളെ എത്രയും വേഗം അറിയിക്കണം. തുടര്‍ന്ന് 14 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ദയാഹരജി തീര്‍പ്പാക്കാന്‍ വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ദയാഹരജി തള്ളിയാല്‍ മാത്രമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഏകാന്തതടവില്‍ പാര്‍പ്പിക്കാവുള്ളു എന്നും കോടതി പറഞ്ഞു.
അതല്ലാതെയുള്ള ഏകാന്ത തടവ് മൗലികാവകാശത്തിന്റെ ലംഘനമാണ്.. അതിനാല്‍ ദയാഹരജി തള്ളിയതിന് ശേഷം മാത്രമേ പ്രതിയെ ഒറ്റയ്‌ക്കൊരു സെല്ലില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു.