ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ അമിതാധികാരം പുനപരിശോധിക്കുന്നത് രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്ന് സുപ്രീം കോടതി. അനധികൃത പണമിടപാട് തടയല്‍ നിയമത്തില്‍ (പി.എം.എല്‍.എ) ഇ.ഡിക്ക് നല്‍കിയ അമിതാധികാരം പുനപരിശോധിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം.
ഈ വാദങ്ങള്‍ തള്ളിയാണ് പി.എം.എല്‍.എ നിയമത്തിലെ ഇ.ഡിക്ക് അമിതാധികാരം നല്‍കിക്കൊണ്ടുള്ള വിവാദ വ്യവസ്ഥകള്‍ പുനപരിശോധിക്കുന്നത് രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിലപാടെടുത്തത്.
അനധികൃത പണമിടപാട് നിയമവുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി രണ്ട് മാസത്തെ സാവകാശം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല. അടുത്ത മാസം 22ന് പുനപരിശോധന ഹരജികളില്‍ വാദം തുടങ്ങുമെന്നും കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന ഈ നീക്കങ്ങള്‍.
ഇ.ഡിക്ക് അമിതാധികാരം നല്‍കിയത് പുനപരിശോധിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇടപെട്ട രീതിയെയും ഭാഷയെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമങ്ങള്‍ പുനപരിശോധിക്കുന്നത് ആപത് സൂചനയാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ വിമര്‍ശിച്ച സുപ്രീം കോടതി ആപത് സൂചന എന്ന വാക്ക് ഉപയോഗിക്കേണ്ടതില്ലെന്നും ജാഗ്രത എന്ന വാക്ക് ഉപയോഗിച്ചാല്‍ മതിയെന്നും പറഞ്ഞു.
പി.എം.എല്‍.എ നിയമത്തിലെ എല്ലാ വകുപ്പുകളും മൂന്നംഗ ബെഞ്ച് അംഗീകരിച്ചാല്‍ മൂന്നംഗ ബെഞ്ചിന് പുനപരിശോധിക്കാനാകില്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ തടസ്സവാദം സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നാണോ എന്ന് ചോദിച്ച കോടതി ഒരു വിധി ആര്‍ക്കെങ്കിലും നല്ലതല്ലെന്ന് തോന്നി അതിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് അംഗീകരിക്കുമെന്നും പറഞ്ഞു. തങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു വിധിക്കെതിരെ ആരെങ്കിലും കോടതിയില്‍ വന്നാല്‍ അതിനെ തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
സോളിസിറ്റര്‍ ജനറലിന്റെ എല്ലാ തടസ്സവാദങ്ങളും തള്ളിയ സുപ്രീം കോടതി പുനപരിശോധന സംബന്ധിച്ച് തങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഊഹിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
content highlights; Center hits back: SC says review of ED’s overreach is in national interest