സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു
National
സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 12:22 pm

ന്യൂദല്‍ഹി: സ്വവര്‍ഗ്ഗാനുരാഗം ക്രിമനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 ന്റെ പുനപരിശോധനയില്‍ കൃത്യമായ നിലപാടെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. തീരുമാനം പൂര്‍ണ്ണമായും കോടതിയുടെ തീരുമാനത്തിന് വിട്ടു.

തിങ്കളാഴ്ച ആരംഭിച്ച പുനപരിശോധനാ വാദം കേള്‍ക്കലില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. എന്നാല്‍ വാദം കേള്‍ക്കല്‍ നീട്ടിവെയ്ക്കണമെന്നും നിലപാട് അറിയിക്കാന്‍ നാല് ആഴ്ചത്തെ സമയം വേണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ അപേക്ഷ തള്ളിയ കോടതി, നിലപാട് ഇന്ന് തന്നെ അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‌ ശേഷമാണ് സെക്ഷന്‍ 377ന്റെ കാര്യത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

2009ല്‍ ദല്‍ഹി ഹൈക്കോടതി സെക്ഷന്‍ 377 ക്രിമനല്‍ കുറ്റം അല്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധി തിരുത്തി.

“പ്രകൃതി വിരുദ്ധ” കുറ്റകൃത്യങ്ങളാണ് സെക്ഷന്‍ 377ന് കീഴില്‍ വരുന്നത്. സ്ത്രീകളുമായോ പുരുഷനുമായോ, മൃഗങ്ങളുമായോ “പ്രകൃതി വിരുദ്ധ” ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ ഇന്ത്യയില്‍ ജീവപര്യന്തം തടവോ, പത്ത് വര്‍ഷം തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.