ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സിയുടെ ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍'(India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും അവയുടെ വെബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുസംബന്ധിച്ച് ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐ.ബി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയനടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വാളില്‍ നിന്ന് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
‘സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ബി.ബി.സി ഡോക്യുമെന്ററുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ഇതിന് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചിരുന്നു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്ന് തുറന്നുകാട്ടുന്ന ഒന്നായിരുന്നു,’ സംഭവത്തില്‍ ഒബ്രിയന്‍ പ്രതികരിച്ചു.
എന്നാല്‍, ഇന്ത്യയില്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സീരീസിന്റെ അടുത്ത ഭാഗങ്ങള്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി.ബി.സി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. 24ാം തീയതി രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.
Content Highlight: Center has issued instructions to Twitter and YouTube Links to BBC documentary should be blocked