കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപന പദ്ധതിയായ കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ സത്യവാങ്മൂലം.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണ്. സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നതും അപക്വമായ നടപടിയാണെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കെ റെയില്‍ കോര്‍പ്പറേഷന്‍ ഒരു സ്വതന്ത്ര കമ്പനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല.
സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജികള്‍ പരിഗണിക്കുക. പദ്ധതിയുടെ സര്‍വേക്ക് അനുമതിയില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സര്‍വേ നടത്തുന്നത് തുടര്‍ന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കെ റെയില്‍ കുറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കേന്ദ്രം അനുവദിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും മയപ്പെടുകയായിരുന്നു.
‘ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നും വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല’ എന്നാണ് ഹൈക്കോടതി നേരത്തെ കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ചത്.
Content Highlight: Center has clarified that there is no permission for K Rail, Railway Board’s affidavit in High Court