ന്യൂദല്‍ഹി: ഇന്ത്യാ മ്യാന്‍മര്‍ അതിര്‍ത്തിയിലെ അര്‍ദ്ധ സൈനിക സേന ആസാം റൈഫിള്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ വാറന്റ് കൂടാതെ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യാനും, നോട്ടീസ് ഇല്ലാതെ പരിശോധന നടത്താനും സേനയ്ക്ക് കഴിയും.
പൗരത്വ ഭേതഗതി ബില്ലിനെതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. ക്രിമിനല്‍ പ്രൊസീജിയേസ് കോഡ് 41, 47, 48, 49, 53, 54, 149, 150, 151, 152 സെക്ഷനുകളിലെ അധികാരങ്ങളാണ് അസം റൈഫിള്‍സിന് നല്‍കിയിരിക്കുന്നത്.
“നിലവില്‍ ആര്‍മഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് (അഫ്‌സ്പ) നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രമായിരുന്നു ആസാം റൈഫിള്‍സിന് വാറന്റ് ഇല്ലാതെ അറസ്റ്റു ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നത്. അഫ്‌സ്പ ഇല്ലാത്ത മിസോറാമിലും മറ്റും അറസ്റ്റു ചെയ്യുന്നതിലും പിടിച്ചെടുക്കുന്നതിലും അവര്‍ക്ക് പരിമിതികളുണ്ടായിരുന്നു. ആ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണിത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം പ്രതികളെ ഇവര്‍ പൊലീസിന് കൈമാറണം”- കേന്ദ്ര സര്‍ക്കാറിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന അഫ്‌സ്പയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അരുണാചല്‍ പ്രദേശിലെ ചില ഇടങ്ങളില്‍ നിന്നടക്കം ഈ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിയമങ്ങള്‍ സൈന്യം ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.