| Tuesday, 11th October 2022, 9:06 pm

നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുത്: ഹിന്ദിവല്‍ക്കരണത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: മുഖ്യമന്തി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശിപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഔദ്യോഗികഭാഷാ സമിതി ശിപാര്‍ശകള്‍ നടപ്പാക്കുന്നതോടെ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും, ഇക്കാര്യത്തില്‍ സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്തി ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശിപാര്‍ശക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിച്ച് വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് നിര്‍ബന്ധിക്കരുതെന്ന് സ്റ്റാലിന്‍ താക്കീത് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി നയം സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ലെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:

പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശ്ിപാര്‍ശകള്‍ ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാഷാ, സാംസ്‌കാരിക, മതപരമായ വൈജാത്യങ്ങളിലും ഏകത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഔദ്യോഗികഭാഷാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ ഉണ്ടാവുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്‍പ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പര്‍ നല്‍കേണ്ടതുണ്ട്.

നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും പ്രധാന മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

Content Highlight: Center Govt should back off from Imposing Hindi Language says Chief Minister Pinarayi Vijayan

We use cookies to give you the best possible experience. Learn more