| Monday, 5th August 2019, 1:59 pm

കശ്മീര്‍ താഴ്‌വരയിലേക്ക് 8000 സൈനികരെക്കൂടി അയച്ച് കേന്ദ്രസര്‍ക്കാര്‍; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്നും 8000 ത്തോളെ അര്‍ധ സൈനികരെ അടിയന്തിരമായി കശ്മീര്‍ താഴ്‌വരയിലേക്ക് അയച്ചു. ശ്രീനഗറിലേക്ക് വിമാന മാര്‍ഗമെത്തുന്ന സൈനികരെ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപൊയിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ശേഷമാണ് സര്‍ക്കാരിന്റെ നീക്കം. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സൈനികരെ ശ്രീനഗറില്‍ എത്തിക്കുന്നതെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇന്ന് രാവിലെ കശ്മീര്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച രണ്ടുതവണയായി 35000 സൈനികരെ കശ്മീരില്‍ അധികമായി വിന്യസിച്ചിരുന്നു. നേരത്തെ തന്നെ ലക്ഷക്കണക്കിന് സൈനികര്‍ കശ്മീരിലുണ്ട്. കരസേനാ മേധാവി ബിപിന്‍ റായവത്ത് നേരിട്ടെത്തിയായിരുന്നു സൈന്യവിന്യാസത്തിന് നേതൃത്വം നല്‍കിയത്.

എന്തിനാണ് ഇത്രയും സൈനികരെ വിന്യസിക്കുന്നതെന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.

അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ സുരക്ഷയ്ക്കായി നിയമിച്ച 40,000 അര്‍ധസൈനികരെ പിന്‍വലിക്കാതെതന്നെ മറ്റ് ക്രമസമാധാന സുമതല ഏല്‍പ്പിക്കുകയാണുണ്ടായത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിര്‍ദ്ദേശമാണ് സൈനികര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരിലെത്തിയതിന് പിന്നാലെയാണ് കൂടുതല്‍ സൈന്യത്തെ ഇവിടേക്ക് എത്തിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ അജിത് ദോവലുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more