| Monday, 13th January 2025, 8:24 am

അസമില്‍ പരിസ്ഥിതിലോല പ്രദേശത്ത് ഖനനത്തിന് അനുമതി നല്‍കി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഖനനം നടത്താന്‍ അനുമതി നല്‍കി കേന്ദ്രം. അസമിലെ ഹൂലോംഗപാര്‍ ഗിബ്ബണ്‍ വന്യജീവി സങ്കേതത്തിലെ പരിസ്ഥിതി ലോല പ്രദേശത്ത് ഖനനം നടത്താനാണ് വേദാന്ത ഗ്രൂപ്പിന്റെ കെയ്ണ്‍ ഓയില്‍ ആന്റ് ഗ്യാസ് ഏജന്‍സിക്ക് കേന്ദ്രം അനുമതി നല്‍കിയത്.

അസമിലെ ജോര്‍ഹട്ട് ജില്ലയിലെ ഗിബ്ബണ്‍ വന്യജീവി സങ്കേതത്തില്‍ എണ്ണ, വാതക പര്യവേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന ഏജന്‍സിയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായ നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റാന്റിങ് കമ്മറ്റിയിലാണ് അംഗീകാരം നല്‍കിയതെന്നാണ് യോഗത്തിന്റെ മിനിട്ട്‌സ് വ്യക്തമാക്കുന്നതെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അസം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരടക്കം ഖനനത്തിന് അനുമതി നല്‍കിയ ഭൂമിയില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു.

പരിസ്ഥിതിലോല പ്രദേശമായ സ്ഥലത്ത് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത് നാശമുണ്ടാക്കുമെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വാണിജ്യപരമായി ഖനനത്തിന് (ഡ്രില്ലിങ്) അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അസമിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ദേശീയ താത്പര്യം മുന്‍നിര്‍ത്തി കമ്പനിക്ക് അനുമതി നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലത്തിന്റെ വനം ഉപദേശക സമിതിയും ഖനനത്തിന് അനുമതി നല്‍കിയിരുന്നു.

വാണിജ്യപരമായ ഡ്രില്ലിങ് നടത്തില്ലെന്നും അപകടകരമായ പര്യവേഷണ വസ്തുക്കളൊന്നും ഉപയോഗിക്കില്ലെന്നും കമ്പനി രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈഡ്രോ കാര്‍ബണ്‍ എക്‌സ്‌ട്രേക്ഷനിലേക്കുള്ള പടിയാണ് പര്യവേഷണ ഡ്രില്ലിങ്ങെന്നും ഇത് വാണിജ്യപരമായ ഡ്രില്ലിങ്ങിലേക്ക് നയിച്ചേക്കുമെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശത്ത് നിന്ന് എണ്ണയോ വാതകങ്ങളോ വേര്‍തിരിച്ചെടുക്കരുതെന്ന് പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം വന്യജീവി സങ്കേതം ഇതിനകം തന്നെ സമ്മര്‍ദത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം അസം നാഗാലാന്റ് അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശത്താണ് പ്രസ്തുത സ്ഥലമെന്നും ഡ്രില്ലിങ്ങിന് നാഗാലാന്റ് ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Center gives permission for mining in eco-sensitive area in Assam

We use cookies to give you the best possible experience. Learn more