ജാഗ്രത; രാത്രി 11.30 വരെ കടലാക്രമണ സാധ്യത, നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി
Kerala News
ജാഗ്രത; രാത്രി 11.30 വരെ കടലാക്രമണ സാധ്യത, നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 9:11 pm

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശമനുസരിച്ച് നിവാസികള്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം കേരളത്തിന്റെ തീരങ്ങളിലുണ്ടായ കടലാക്രമണത്തിന് പിന്നില്‍ കള്ളക്കടല്‍’ പ്രതിഭാസമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി കടല്‍ കയറി കരയെ വിഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്.

വേലിയേറ്റ സമയമായതിനാല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് നിലവിലത്തെ കടലാക്രമണങ്ങള്‍ക്ക് കാരണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രണ്ട് ദിവസം കൂടി ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. കടലാക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ തീരനിവാസികള്‍ക്ക് നഷ്ടമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പിന്റെ പൂര്‍ണരൂപം:

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തിന്റെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്.

Content Highlight: Center for Oceanography and Research says that there is a possibility of high waves along the Kerala coast