വെനസ്വേലയിലെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.ശിവദാസന്‍ എം.പിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
national news
വെനസ്വേലയിലെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.ശിവദാസന്‍ എം.പിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2024, 8:15 am

ന്യൂദല്‍ഹി: വെനസ്വേലയില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.ശിവദാസന്‍ എം.പിക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. വെനസ്വേല പാര്‍ലമെന്റ്,  കരാക്കസില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് എം.പിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

രാഷ്ട്രീയ കാരണങ്ങളാല്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്തി എസ്. ജയശങ്കറിന് പരാതി നല്‍കിയെങ്കിലും കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.

ബി.ജെ.പിയും ആര്‍.എസ്.എസും അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണുണ്ടായതെന്ന് വി.ശിവദാസന്‍ എം.പി പ്രതികരിക്കുകയുണ്ടായി.

‘വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഒത്തുചേരുന്ന സമ്മേളനമാണ് വെനസ്വേലയില്‍ നടക്കാനിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇടതുപക്ഷ എം.പിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വലതുപക്ഷത്തിന്റെ ഫാസിസ്റ്റ് നിലപാടുകളോട് പ്രതികരിക്കാന്‍ കഴിയുമായിരുന്നു.

സോളാര്‍ സഖ്യത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും ഇന്ത്യയും വേനസ്വേലയും അംഗങ്ങളാണ്. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന പരിപാടിയില്‍ യാത്രാനുമതി നിഷേധിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടു,’ എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

ഫാസിസവും നവഫാസിസവും ഇതിന്റെ സമാന രൂപങ്ങളും സമകാലിക സാഹചര്യത്തില്‍ നടത്തുന്ന പരിപാടിയില്‍ സി.പി.ഐ.എമ്മിന്റെ പ്രതിനിധി എന്ന നിലയിക്കാണ് ക്ഷണം ലഭിച്ചത്. വെനസ്വേല പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇന്‍ഫന്റാണ് സമ്മേളനത്തിലേക്ക് എം.പിയെ ക്ഷണിച്ചത്. വെനസ്വേല അധികൃതര്‍ നേരിട്ടും വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

എം.പിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളിയൂണിയനും കെ.എസ്.കെ.ടി.യുവും രംഗത്തെത്തി.

കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണെന്നും, അനുമതി നിഷേധിച്ച നടപടി അപലപനീയമാണെന്നും കെ.എസ്.കെ.ടി.യു ചൂണ്ടിക്കാട്ടി.

എല്ലാ ജനാധിപത്യ വിശ്വാസികളും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയിലും ജനാധിപത്യ വിരുദ്ധ മനോഭാവത്തിലും പ്രതിഷേധിക്കണമെന്നും കെ.എസ്.കെ.ടിയു കൂട്ടിച്ചേര്‍ത്തു.

Content Highlight: Center denied permission to V. Sivadasan MP to participate in anti-fascist conference in Venice