| Tuesday, 26th March 2019, 5:55 pm

ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ ആര്‍.ടി.ഐ; തരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നാലെ ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വിവരാവകാശ രേഖ തള്ളി കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിതിയില്‍ വരില്ലെന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേന്ദ്രം ആര്‍.ടി.ഐ രേഖ തള്ളിയത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ കറസ്‌പോണ്ടന്റ് ആയിരുന്നു വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.

ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്ന ഒഴിവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യം, സ്ഥാനത്തേക്ക് അപേക്ഷിച്ചതും തെരഞ്ഞെടുത്തതുമായ ഉദ്യോഗാര്‍ത്ഥികളുടെ വിവരം, ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ച സര്‍ച്ച് കമ്മിറ്റി, നിയമനത്തിനായി നടത്തിയ യോഗത്തിന്റെ മിനുട്ട്‌സ് എന്നിവയായിരുന്നു വിവരാവകാശ രേഖയില്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പിനായിരുന്നു ആര്‍.ടി.ഐ നല്‍കിയത്.

മന്ത്രിസഭയിലെ നിയമന സമിതിയാണ് ആര്‍.ബി.ഐ ഗവര്‍ണറെ തെരഞ്ഞെടുക്കുന്നത് എന്ന് കാണിച്ച് സാമ്പത്തികകാര്യ വകുപ്പ് പ്രസ്തുത ആര്‍.ടി.ഐ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന് കൈമാറുകയായികരുന്നു. എന്നാല്‍ മന്ത്രിസഭാ സമിതിയിലെ രേഖകള്‍ ആര്‍.ടി.ഐ പ്രകാരം കൈമാറേണ്ടതില്ല എന്ന സെക്ഷന്‍ 8(1)(ii) വിവരാവകാശ നിയമം, 2005 ചൂണ്ടിക്കാട്ടി ക്യാബിനറ്റ് കമ്മിറ്റി ഇത് തള്ളിക്കളയുകയായിരുന്നു.

Also Read രാഹുല്‍ ഗാന്ധിയുടെ അടിസ്ഥാന വരുമാന വാഗ്ദാനം ബി.ജെ.പി നേതാക്കളെ വിളറിപിടിച്ചിട്ടുണ്ട്; ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ

എന്നാല്‍ മന്ത്രിസഭാ തല തീരുമാനങ്ങള്‍ക്ക് നടപടിയായിക്കഴിഞ്ഞാല്‍ അത് പുറത്ത് വിടുന്നതിന് യാതൊരു തടസ്സവും ഇല്ലെന്ന് സെക്ഷന്‍ 8(1) (ii) ല്‍ വ്യക്തമായി പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ 2018 ഡിസംബറിലായിരുന്നു വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ രാജി വെക്കുകയാണെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചത്. അതിന് പിന്നാലെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അല്ലാതിരുന്നിട്ടും ദാസിനെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. ആര്‍.ബി.ഐ ഗവര്‍ണര്‍ പദവിയിലെത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞനല്ലാത്ത ആദ്യ വ്യക്തിയും ദാസ് ആണ്. കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനം പോലുള്ള പദ്ധതികളെ പിന്തുണച്ച വ്യക്തി കൂടിയായിരുന്നു ദാസ്.

Latest Stories

We use cookies to give you the best possible experience. Learn more