വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; പ്രത്യേക ധനസഹായമില്ല
Kerala News
വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; പ്രത്യേക ധനസഹായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2024, 7:44 pm

ന്യൂദല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി അംഗീകരിച്ച് കേന്ദ്രം. മന്ത്രിസഭാസമിതിയാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്.

അതേസമയം കേരളത്തിനായുള്ള പ്രത്യേക ധനസഹായത്തെ കുറിച്ചുള്ള പ്രഖ്യാപനമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ എസ്.ഡി.ആര്‍.എഫിലേക്ക് മതിയായ തുക അനുവദിച്ചുവെന്നാണ് കേരളത്തിന് അയച്ച് കത്തില്‍ കേന്ദ്രം അറിയിച്ചത്.

കേന്ദ്രആഭ്യന്തര മന്ത്രാലയം കത്തിലൂടെയാണ് കേരളത്തെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കത്തയച്ചത്.

ദുരന്തം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് കേന്ദ്രത്തിന്റെ നടപടി. ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ദുരന്തമുണ്ടായത്. 200 ലധികം ആളുകളായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടത്.

Content Highlight: Center declares Wayanad landslide as extreme disaster; No specific funding