Advertisement
Rafale Row
റഫാലുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തള്ളിക്കളയണം; സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 25, 12:00 pm
Saturday, 25th May 2019, 5:30 pm

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ ‘പ്രാവര്‍ത്തിക സന്നദ്ധതയെ ബാധിക്കും’ എന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജി തള്ളിക്കളയണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടത്.

റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

നേരത്തെ കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ എന്നിവരാണ് റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിയമയുദ്ധം നയിക്കുന്നത്.

റഫാലില്‍ മോദി സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ 2014ലേതിലും മികച്ച പ്രകടനത്തോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇത് റഫാല്‍ ഇടപാടിനെക്കറിച്ചുള്ള തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കകളുണ്ടായിരുന്നു.