ന്യൂദല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന (Cow Hug Day)’മായി ആചരിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിശദീകരണം. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും സമ്പദ്‌വ്യവസ്ഥയുടേയും നട്ടെല്ലാണെന്നും ബോര്‍ഡ് അറിയിച്ചു.
‘ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും സമ്പദ്‌വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും, കന്നുകാലി സമ്പത്തിനെയും ജൈവവൈവിധ്യത്തേയും പ്രതിനിധീകരിക്കുന്നതും പശുവാണ്,’ ബോര്‍ഡ് പറയുന്നു.
പശു അമ്മയെപ്പോലെയാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും മറക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമാണെന്നും ബോര്‍ഡ് പറയുന്നു.
പശുവിനെ കെട്ടിപ്പിടിച്ച് ജീവിതം സന്തോഷം നിറഞ്ഞതാക്കണമെന്നും മനസ് ശാന്തമാക്കണമെന്നും ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Content Highlight: Center asks nation to celebrate valentines day as Cow hug day