ന്യൂദല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആര്‍ത്തവ ശുചിത്വ നയം രൂപീകരിക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
2023 ഏപ്രില്‍ പത്തിലെ സുപ്രീം കോടതി ഉത്തരവ് പരാമര്‍ശിച്ച കേന്ദ്രം ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം 2024 നവംബര്‍ രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌കൂള്‍ കുട്ടികളുടെ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്.
ആറാം ക്ലാസുമുതല്‍ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കാണിക്കുന്ന ഹരജിയിലാണ് തീരുമാനം. ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂറാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്.
ജസ്റ്റിസുമാരായ ജെ.ബി.പര്‍ദ്ദിവാല, പങ്കജ് മീത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബര്‍ 12ന് പൊതുതാത്പര്യ ഹരജി പരിഗണിച്ചിരുന്നു.
രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദല്‍ഹി, പുതുച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ 100 ശതമാനമാണ് കണക്കെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്നുകൊണ്ട് സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അറിവിലും മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തുന്നതിലും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ നയം ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനും നയത്തിലൂടെ സാധ്യമാകുമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും ആര്‍ത്തവ ശുചിത്വം നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് നയം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ കേന്ദ്രം ആര്‍ത്തവ മാലിന്യങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാനും ലക്ഷ്യമിടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കൗമാരക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ ശുചിത്വ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദേശീയ നയ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
2023 ഏപ്രില്‍ 10, 2023 നവംബര്‍ ആറ് തീയതികളില്‍ കോടതി ഉത്തരവുകള്‍ പ്രകാരം ഉത്പ്പന്നങ്ങള്‍ ക്രോഡീകരിക്കുന്നതിന് ആവശ്യമായ പ്രക്രിയയിലാണെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്.
രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് ദേശിയ മാതൃക രൂപീകരിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlight: Center approves menstruation policy for school students in Supreme Court