ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജി.എസ്.ടി. നഷ്ടപരിഹാരമായി 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നഷ്ടപരിഹാരത്തുക പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ നേരില്‍ക്കണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഇക്കാര്യം ആവര്‍ത്തിച്ചു.
ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
4500 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കാനുള്ളത്. 4122 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് നിലവില്‍ അനുവദിച്ചിട്ടുള്ളത്.
കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ 50 ശതമാനവും ഒറ്റത്തവണയായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ കഴിഞ്ഞ മേയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.