| Tuesday, 1st September 2020, 8:23 pm

മോദി വിമര്‍ശകര്‍ ഇപ്പോഴും ജീവനക്കാരായി തുടരുന്നു, ഫേസ്ബുക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍; അതൃപ്തി അറിയിച്ച് സുക്കര്‍ബര്‍ഗിന് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക് ഇന്ത്യ ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകള്‍ പിന്‍വലിക്കുന്നെന്നും ഇന്ത്യയിലെ കമ്പനി മേധാവികളും ജീവനക്കാരും രാഷ്ട്രീയപരമായ പക്ഷപാതിത്വം കാണിക്കുന്നെന്നും ആരോപിച്ചാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്ക് മേധാവി രവിശങ്കര്‍ പ്രസാദിന് കത്തയച്ചിരിക്കുന്നത്.

ബി.ജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് ഫേസ്ബുക്കിന് കേന്ദ്രമന്ത്രിയുടെ കത്ത്.

ഫേസ്ബുക്ക് ഇന്ത്യ എം.ഡി മുതല്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ പ്രത്യേക രാഷട്രീയ ചായ്വുള്ളവരാണെന്നും ഇന്ത്യയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഫേസ്ബുക്കിനെ ഇപ്പോള്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദിന്റെ കത്തില്‍ പറയുന്നു.

സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും അക്രമങ്ങള്‍ നടത്താനുമായി അരാജകവാദികള്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും ഫേസ്ബുക്ക് സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെപി അനുകൂല പേജുകള്‍ ഇല്ലാതാക്കാനും ഇവയുടെ റീച്ച് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നടന്നിട്ടുണ്ടെന്നും ഒപ്പം വലതുപക്ഷ ആശയത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് പരാതികള്‍ നല്‍കാനുള്ള അവകാശം നല്‍കിയില്ലെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

‘ ഒരു അന്താരാഷ്ട്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ന്യായപരവും നിഷ്പക്ഷവും ആവുക എന്നതു മാത്രമല്ല. ് വ്യത്യസ്ത വിശ്വാസങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഉള്ള ഉപയോക്താക്കള്‍ക്കായി ഇത് പുറമേക്ക് കാണുകയും വേണം. ഒരു ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാണും. അത് ആ ഓര്‍ഗനൈസേഷന്റെ പൊതുനയങ്ങളയും പ്രകടനത്തെയും ബാധിക്കരുത്,’ രവിശങ്കര്‍ പ്രസാദിന്റെ കത്തില്‍ പറയുന്നു.

ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെയും മോശം പ്രസ്താവനകള്‍ നടത്തയിവര്‍ ഇപ്പോഴും ഫേസ്ബുക്കിന്റെ ജീവനക്കാരായി തുടരുന്നത് പ്രശ്‌നകരമാണെന്നും കത്തില്‍ പറയുന്നു.

‘വ്യക്തികളുടെ പക്ഷപാതം പ്ലാറ്റ്‌ഫോമിലെ അന്തര്‍ലീനമായ പക്ഷപാതമാവുമ്പോള്‍ ഇത് ഇരട്ടി പ്രശ്‌നമാണ്. വ്യക്തികളുടെ രാഷ്ട്രീയ പക്ഷപാതം ദശലക്ഷക്കണക്കിനു ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല,’ രവിശങ്കര്‍ പ്രസാദ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് ഇന്ത്യ ബി.ജെപി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിപക്ഷ വിമര്‍ശനം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെയും കത്ത്. ബി.ജെപിയോടുള്ള പക്ഷപാതത്തിനെതിരെ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് കത്തയച്ചിരുന്നു.

വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വാള്‍സ്ട്രീറ്റ് ജേണലായിരുന്നു ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

അപകടകരമായ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ബി.ജെ.പി നേതാവ് ടി.രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കി ദാസ് ജീവനക്കാരോട് പറഞ്ഞതെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: center-against-facebook-india-ravisankar-prasad-writes-to-mark-zuckerberg

We use cookies to give you the best possible experience. Learn more