ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതി സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ തീരുമാനവുമായി സെന്‍സര്‍ബോര്‍ഡ്.
മൂന്ന് ഉപാധികളോടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. സിനിമയുടെ പേര് “പദ്മാവത്” എന്നാക്കണമെന്നും മാത്രമല്ല ചിത്രത്തിലെ 26 ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലെന്നുള്ള മുന്നറിയിപ്പ് നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
രജപുത്രറാണിയായ പദ്മാവതിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ പദ്മാവതിയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. കൂടാതെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുമുണ്ട്.
ചിത്രത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജപുത്ര ചരിത്രത്തെ വളച്ചൊടിച്ചെന്നും മതവികാരവും, സംസ്‌കാരവും വളച്ചൊടിച്ചെന്നും ആരോപിച്ചാണ് തീവ്രഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.