ന്യൂദല്‍ഹി: നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിന്റെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്. “ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍” എന്ന ഡോക്യുമെന്ററിക്കെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്.
ഡോക്യുമെന്ററിയിലെ “ഗുജറാത്ത്”, പശു, ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദുത്വ കാഴ്ചപ്പാട് എന്നീ വാക്കുകള്‍ക്ക് ബീപ്പ് ശബ്ദം ഇടാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ ഡോക്യുമെന്ററിക്ക് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂവെന്നാണ് സെന്‍സര്‍ബോര്‍ഡ് നിലപാട്. ഇതിന് തയ്യാറല്ലെങ്കില്‍ സംവിധായകന് പുനപരിശോധനയ്ക്ക് സമീപിക്കാം. അതിലും അനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കേണ്ടിവരും.
സുമന്‍ ഘോഷാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. 15വര്‍ഷത്തോളമെടുത്താണ് സുമന്‍ ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. അമര്‍ത്യാസെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയും സാമ്പത്തിക വിദഗ്ധനുമായ കൗശിക് ബസുവും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രധാന പ്രതിപാദ്യം.
ചിത്രം ന്യൂയോര്‍ക്കിലും ലണ്ടനിലും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഈ ചിത്രം കൊല്‍ക്കത്തയിലും പ്രദര്‍ശിപ്പിച്ചിരുന്നു.