മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് മാറ്റാതെ റിലീസിന് അനുവദിക്കില്ലെന്ന നിലപാടിന് വഴങ്ങി എസ് ദുര്‍ഗയെന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
“എസ് ” എന്നത് എന്തുമായി ഉപയോഗിക്കാമെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. എസ് എന്നത് സെക്‌സിയെന്ന് സങ്കല്‍പിച്ചാല്‍ ഭക്തര്‍ക്ക് ശാപം കിട്ടുമെന്നും അതിനാല്‍ അവര്‍ വിശുദ്ധമായ വല്ലതും ഉപയോഗിക്കട്ടെയെന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പേര് മാറ്റിയത് സിനിമയെ ബാധിക്കില്ലെന്നും ഭാവനക്ക് കത്തിവെക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു അവകാശമില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
21 സ്ഥലങ്ങളില്‍ ബീപ് ശബ്ദമാക്കിക്കൊണ്ട് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് പേര് മാറ്റിയതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ചിത്രം ചലച്ചിത്ര മേളയില്‍ നിന്ന് തഴയപ്പെട്ടിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം.