നര്‍സിങ്പൂര്‍: ആമിര്‍ ഖാന്‍ ചിത്രം പി.കെ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ അതിലെ ചില സീനുകള്‍ വെട്ടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി സെന്‍സര്‍ ബോര്‍ഡ് അംഗം. പി.കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ത സരസ്വരി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗം രംഗത്തെത്തിയിരിക്കുന്നത്.
“പി.കെ”യിലെ ചില സീനുകളോട് താന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെന്ന് ബോര്‍ഡ് അംഗം സതിഷ് കല്ല്യാണ്‍കര്‍ പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായത്തിന് സി.ഇ.ഒ വില നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെന്‍സര്‍ ബോര്‍ഡ് സി.ഇ.ഒയ്ക്കു മുമ്പില്‍ തന്റെ എതിര്‍പ്പ് അറിയിക്കാന്‍ ഒരു മീറ്റിങ് വിളിച്ചു ചേര്‍ത്തിരുന്നു. ആ യോഗത്തില്‍ തന്റെ ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചതുമാണ്. എന്നാല്‍ അദ്ദേഹം ആ സീനുകള്‍ ഒഴിവാക്കിയില്ലെന്നും സതിഷ് കുറ്റപ്പെടുത്തുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന സീനുകളോ ഡയലോഗുകളോ ഉണ്ടാവാന്‍ പാടില്ലെന്ന നിയമം “പി.കെ” ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വരൂപാനന്തിനെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചെന്നു കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം രംഗത്തെത്തിയത്.
ചില സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും അത് അവഗണിച്ചാണ് “പി.കെ”യ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സ്വരൂപാനന്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ അംഗങ്ങള്‍ ആരെന്നു പേരെടുത്ത പറഞ്ഞ അദ്ദേഹം ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശ് “പി.കെ”യെ നികുതിയില്‍ നിന്നും ഒഴിവാക്കിയത് വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
“പി.കെ” മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ഹിന്ദു സംഘടകള്‍ രംഗത്തെത്തിയിരുന്നു. “പി.കെ” റിലീസ് ചെയ്യുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കുന്നതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു. “പി.കെ”യ്‌ക്കെതിരെ നിയമനടപടിക്കും ഒരുങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് തിരിച്ചടിയായി പി.കെ പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ക്കും ചിത്രത്തിനും സംരക്ഷണം നല്‍കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.