Kerala News
സെന്‍സര്‍ ബോര്‍ഡിന് ജാതി വിവേചനം; സംവിധായകന്‍ അരുണ്‍ രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 04, 07:42 am
Saturday, 4th November 2023, 1:12 pm

തിരുവനന്തപുരം: ‘കുരിശ്’ സിനിമയുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് ജാതി വിവേചനം കാണിക്കുന്നതായി സിനിമയുടെ സംവിധായകന്‍ അരുണ്‍ രാജ്. സിനിമയുടെ പേര് മാറ്റത്തിന് ശാഠ്യം പിടിക്കുന്നത് താനൊരു ദളിത് സമുദായംഗമായതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു

മതപുരോഹിതരുടെ തിന്മയ്‌ക്കെതിരെ എഡ്വിന്‍ എന്ന 12കാരന്‍ പ്രതികരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
നേരത്തെ ബോര്‍ഡ് നിര്‍ദേശിച്ച സീനുകള്‍ അടക്കം അഞ്ച് കാര്യങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും ‘എ’സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.

മലയാളത്തില്‍ ഈശോ, ചാപ്പാ കുരിശ്, വിശുദ്ധന്‍, കുരിശുയുദ്ധം, ആമേന്‍ തുടങ്ങിയ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. അവിടെ ഒന്നുമില്ലാത്ത വിവാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിക്കുന്നത്.

എന്നാല്‍ പേരുമാറ്റത്തെ തുടര്‍ന്ന് വിതരണക്കാര്‍ പിന്മാറി. ചിത്രത്തിന്റെ പ്രമേയവും ഉള്ളടക്കവും നിലനിര്‍ത്തി ‘എഡ്വിന്റെ നാമം’ എന്ന പേരില്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയുടെ നിര്‍മ്മാതാവ് എ. മുനീറാണ്. ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്ന ചിത്രത്തിനുശേഷം മാസ്റ്റര്‍ ഫര്‍ഹാന്‍, വിഷ്ണു. ടി. ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗ്രാമ പ്രദേശത്തിലെ ഒരു കുട്ടി അടങ്ങുന്ന കുടുംബവും, വ്യത്യസ്ത രീതിയില്‍ നടക്കുന്ന രണ്ട് കൊലപാതകങ്ങളും, അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, തുടര്‍ന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭാവികാസങ്ങളുമാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്.

കൂടാതെ ഈ അടുത്തിടെ ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങളും സിനിമയില്‍ കഥാപാശ്ചാത്തലമാവുന്നുണ്ട്.

Content Highlight: Censor Board issue on ‘Kurish’ film