സെന്‍സര്‍ ബോര്‍ഡിന്റെ അവഹേളനം ആദ്യമായല്ല: പാപ്പിലിയോ ബുദ്ധയുടെ നിര്‍മാതാവ്
Movie Day
സെന്‍സര്‍ ബോര്‍ഡിന്റെ അവഹേളനം ആദ്യമായല്ല: പാപ്പിലിയോ ബുദ്ധയുടെ നിര്‍മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 3:42 pm

സെന്‍സര്‍ ബോര്‍ഡ് ഇതിന് മുമ്പും തന്നെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ. രാഷ്ട്രീയ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ബാരെയുടെ പുതിയ ചിത്രം പാപ്പിലിയോ ബുദ്ധയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[]

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സെന്‍സര്‍ ബോര്‍ഡിലുള്ള മിക്കയാളുകളും. സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി നമ്മുടെ സിനിമയില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് അവര്‍ നിര്‍ദേശിക്കുന്നത് അവഹേളിക്കുന്ന രീതിയിലാണ്. പുരാതനകാലത്തെ നിബന്ധനകളാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോഴും പിന്തുടരുന്നത്. അതില്‍ നിന്നും എത്രയോ മുന്നോട്ട് പോയിരിക്കുകയാണ് ഇന്നത്തെ ലോകമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ചലചിത്രപ്രവര്‍ത്തകര്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെട്ടു.

ജാനകിയെ കുട്ടികളുടെ ചിത്രമായി പരിഗണിക്കാമെന്ന നിഗമനത്തില്‍ സെന്‍സര്‍ ബോര്‍ഡ് എത്തിച്ചേരാന്‍ ഒരു വര്‍ഷമാണെടുത്തത്. ഇത് കാരണം ഫെസ്റ്റിവെലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗാന്ധിയെ വിമര്‍ശിക്കുന്നു, ബുദ്ധനെയും ദലിത് നേതാവ് അയ്യങ്കാളിയെയും മോശമായി ചിത്രീകരിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാപ്പിലിയോ ബുദ്ധയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ബുദ്ധന്റെയും ദലിത് പ്രവര്‍ത്തകരായ ശങ്കരന്‍, മഞ്ജു എന്നിവരുടെയും ജീവിതം യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന രീതിയിലാണ് ചിത്രത്തില്‍ കാണിച്ചിട്ടുള്ളതെന്നാണ് പ്രകാശ് ബാരെ അവകാശപ്പെടുന്നത്. അവരുടെ പരിശ്രമങ്ങളും പോരാട്ടങ്ങള്‍ക്കും സാഹിത്യഭംഗി നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. സാമൂഹ്യപ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഇതിലും മോശമായ പദങ്ങള്‍ ഉപയോഗിച്ച കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ ഇവിടെ പുറത്തിറങ്ങിയിട്ടുണ്ട്. അന്ന് സെന്‍സര്‍ ബോര്‍ഡ് എവിടെയായിരുന്നെന്നും ബാരെ ചോദിക്കുന്നു.

ക്രുധരായ ജനക്കൂട്ടം ഗാന്ധിയുടെ കോലംകത്തിക്കുന്ന സീന്‍ ചിത്രത്തിലുണ്ടെന്ന ആരോപണം ബാരെ നിഷേധിച്ചിട്ടില്ല. അയ്യങ്കാളിയുടെ പോസ്റ്ററുകള്‍ കീറുകയും ബുദ്ധന്റെ പ്രതിമകള്‍ തകര്‍ക്കുകയും ചെയ്യുന്ന സീനുകളുണ്ടെന്ന വാദവും അദ്ദേഹം നിഷേധിച്ചിട്ടില്ല. ദലിത് പോരാട്ടങ്ങളുടെ ക്ലൈമാക്‌സിലാണ് ഇതെല്ലാം സംഭവിക്കുന്നത്. അതിനര്‍ത്ഥം ഈ ചിത്രം സമൂഹത്തിനോട് അഹിംസയിലേക്ക് തിരിയാന്‍ ആവശ്യപ്പെടുന്നു എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കലാമൂല്യ ചിത്രങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന കാര്യം ബാരെ മറച്ചുവെച്ചില്ല. ഇത്തരം ചിത്രങ്ങളുടെയെല്ലാം അവസ്ഥ ഇതാണ്. മൃണാല്‍ സെന്‍, ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ഈ ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാപ്പിലിയോ ബുദ്ധയുടെ ഏതൊക്കെ ഭാഗങ്ങള്‍ മാറ്റിയാലാണ് പ്രദര്‍ശനാനുമതി നല്‍കുകയെന്ന് സെന്‍സര്‍ ബോര്‍ഡ് തങ്ങളെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ചിത്രവുമായി സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കും. എന്നിട്ടും പ്രദര്‍ശനാനുമതി നല്‍കുന്നില്ലെങ്കില്‍ ബോര്‍ഡിന്റെ പ്രാകൃത വ്യവസ്ഥകള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബാരെ മുന്നറിയിപ്പ് നല്‍കി.

ഗാന്ധി വിമര്‍ശനം: ദലിത് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്ക്