പത്താന്‍ സിനിമയിലെ മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഉടന്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. പത്താന്‍ സിനിമയിലെ വിവാദമായ ബേഷരംഗ് എന്ന ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഗാനരംഗത്തില്‍ വസ്ത്രധാരണത്തെ നിഷ്പക്ഷമായാണ് സമീപിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സി.ബി.എഫ്.സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പ് പ്രദര്‍ശനത്തിനുമുമ്പ് കൈമാറണമെന്നും സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പുതിക്കിയ പതിപ്പ് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ഗാനം റിലീസായ ദിവസംമുതല്‍ പത്താനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുള്‍പ്പെടെ നിരവധി പേരാണ് ഗാനത്തിനെതിരെ രംഗത്ത് വന്നത്.
നായകനായ ഷാരൂഖ് ഖാന്റെ കോലം കത്തിക്കുക ശേഷക്രിയ ചെയ്യുക തുടങ്ങി പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ഗാനരംഗത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡും നിര്‍ദേശിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. 2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ അഭിനയിച്ചത്. പത്താനുശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
content highlight: censor board against pathaan movie