| Monday, 28th December 2020, 5:15 pm

ഭരിക്കുന്നവരുടെ രാഷ്ട്രീയ ചട്ടുകമാകുന്ന സെന്‍സര്‍ബോര്‍ഡ്

പ്രതാപ് ജോസഫ്

‘ഞാന്‍ ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. JNU സമരത്തിലെ ദളിത്-മുസ്ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം, സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം’

ബി.ജെ.പി. എസ്.സി. മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. വി. സന്ദീപ് കുമാറിന്റെ ട്വീറ്റ് ആണിത്. സിനിമയെ എതിര്‍ക്കാനുള്ള കാരണം വ്യക്തമാണ്. സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും മുസ്‌ലിം നാമധാരികള്‍ ആണ്, സ്വാഭാവികമായും സിനിമ രാജ്യവിരുദ്ധവുമാണ്. സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പാര്‍വതിയും.

എന്താണ് സിനിമയിലെ രാജ്യവിരുദ്ധത എന്ന് എവിടെയും പറയുന്നില്ല. രാജ്യം സാക്ഷ്യം വഹിച്ച ഒരു സമരത്തെ അധികരിച്ച് സിനിമയെടുക്കുന്നതില്‍ ഒരു രാജ്യവിരുദ്ധതയുമില്ല. മറ്റെന്താണുള്ളത് എന്ന് സിനിമ കണ്ടവര്‍തന്നെ വ്യക്തമാക്കേണ്ടതുമാണ്. എന്തായാലും സിനിമ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ കത്തിയുടെ താഴെ ഊഴം കാത്തുകിടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.

സിനിമയെന്ന മാധ്യമത്തിന്റെ ശക്തി മനസ്സിലാക്കിത്തെന്നെയാണ് ഭരണകൂടങ്ങള്‍ മറ്റൊരു കലയ്ക്കും ഇല്ലാത്ത സെന്‍സര്‍ഷിപ്പ് സിനിമയുടെ മേല്‍ കെട്ടിവെച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക എന്നതു തന്നെയായിരിക്കും സെന്‍സര്‍ബോര്‍ഡ് പോലെയുള്ള ബോഡികളുടെ ‘ഭാരിച്ച’ ഉത്തരവാദിത്വം. അവര്‍ സിനിമ മനസ്സിലാകുന്നവര്‍ ആയിക്കൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല.

കേന്ദ്രത്തില്‍ ബി.ജെ.പി. ഗവസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സിനിമയെ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങള്‍ നാം കണ്ടുവരുന്നു. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് സിനിമാ സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്നുകൊണ്ടുള്ള സമീപകാലത്തെ ഉത്തരവ്.

സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പല കേസുകളിലും സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ് സെന്‍സര്‍ബോര്‍ഡിന്റെ ഉത്തരവാദിത്വം കട്ട് ചെയ്യുക എന്നുള്ളതല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതാണ് എന്ന്. ബാബുസേനന്‍ സഹോദരന്മാരുടെ ഇരുട്ട് എന്ന സിനിമയില്‍ നിന്ന് ബീഫ് ഈറ്റര്‍, മാവോയിസ്റ്റ് തുടങ്ങിയ വാക്കുകള്‍ കട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയും എന്നാല്‍ കോടതി കട്ട് ഇല്ലാതെതന്നെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുകയും ഉണ്ടായി.

സര്‍ക്കാര്‍ അവാര്‍ഡുകളും ഫിലിം ഫെസ്റ്റിവലുകളും ജൂറി നിയമനങ്ങളും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിട്ട് കാലം കുറേ ആയി. സിനിമയില്‍ പുലര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒക്കെ അതിന് അടിമപ്പെടുകയും ചെയ്തു. മാറി നില്‍ക്കുന്നവരെ ഒരു കാരണവശാലും ജീവിക്കാന്‍ വിടാതിരിക്കുക എന്നതാണ് സെന്‍സര്‍ ബോര്‍ഡുകളുടെ ദൗത്യം.

രസകരമായ കാര്യം ഹിന്ദുത്വയെ അറിഞ്ഞോ അറിയാതെയോ പ്രമോട്ട് ചെയ്യുന്ന സിനിമകളിലൂടെ കേന്ദ്ര ഗവണ്മെന്റിന്റെ കൈയ്യടി നേടിയിട്ടുള്ളവര്‍ ആണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും നടി പാര്‍വതിയും. സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ സിനിമയുടെ രാഷ്ട്രീയം അത് ഇറങ്ങിയ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സെന്‍സര്‍ ബോര്‍ഡും കോടതിയും പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനം തടഞ്ഞ അതേ വേദിയില്‍ വെച്ചാണ് പാര്‍വതി ടേക്ക് ഓഫ് സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ഒരു പ്രതിഷേധവുമില്ലാതെ ഏറ്റുവാങ്ങിയത്.

ഭരണകൂടങ്ങളുടെ അതിരുകടന്ന കൈകടത്തലുകള്‍ മിക്കവാറും ഒറ്റപ്പെട്ടവരുടെ പ്രതിഷേധമായി ഒതുങ്ങുകയാണ് പതിവ്. അതറിയാവുന്നതുകൊണ്ടുതന്നെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലെയുള്ള ഇടപെടലുകള്‍ നാള്‍ക്കുനാള്‍ കൂടിവരുന്നതും. സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഉണ്ടാകാം. പക്ഷേ, സെന്‍സര്‍ബോര്‍ഡ് ഭരിക്കുന്നവരുടെ രാഷ്ട്രീയ ചട്ടുകമായി മാറുന്നു എന്നതാണ് വര്‍ത്തമാന വസ്തുത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Censor board acts as a political weapon – Prathap Joseph writes

പ്രതാപ് ജോസഫ്

സംവിധായകന്‍, ഛായാഗ്രാഹകന്‍, കവി

We use cookies to give you the best possible experience. Learn more