| Tuesday, 2nd November 2021, 12:55 pm

മണ്ണണ്ണയുടെ വില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രം; ലിറ്ററിന് കൂട്ടിയത് എട്ട് രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റേഷന്‍ മണ്ണെണ്ണയുടെ വില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഇന്ധനങ്ങളുടെ വില വര്‍ധനവിന് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും വിലകൂട്ടിയിരിക്കുന്നത്.

മണ്ണെണ്ണ ലിറ്ററിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണ ലിറ്ററിന് 55 രൂപയായി. മൊത്തവ്യാപാര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നിലവില്‍ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കെല്ലാം നവംബര്‍ മാസം മുതല്‍ പുതുക്കിയ വില നല്‍കേണ്ടിവരും. റേഷന്‍ വ്യാപാരികളില്‍ നിന്നും പുതിയ വിലയാണ് എണ്ണ കമ്പനികള്‍ മണ്ണെണ്ണയ്ക്ക് ഈടാക്കുന്നത്.

പെട്രോള്‍,ഡീസല്‍ വില ദിനം പ്രതി വര്‍ധിപ്പിക്കവെ മണ്ണെണ്ണ വിലയിലും വന്‍ വര്‍ധനവ് വരുത്തിയത് സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും.

കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ഇന്ധനമായി മണ്ണെണ്ണ ഉപയോഗിച്ചു വരുന്ന സാഹചര്യത്തില്‍ വിലവര്‍ധിപ്പിച്ചത് രാജ്യത്തെ കര്‍ഷകര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

പെട്രോളിനും ഡീസലിനും ഒരാഴ്ചയ്ക്കകം 8.86 രൂപയും 10.33 രൂപയുമാണ് വര്‍ദ്ധിച്ചത്. പാചകവാതകം വാണിജ്യ സിലിണ്ടറിന് 268 രൂപ വര്‍ദ്ധിച്ച് ഏകദേശം 2000 രൂപയുടെ അടുത്തെത്തി. 19 കിലോ സിലിണ്ടറിന് 1994 രൂപയാണ് നിലവില്‍ വില. ഗാര്‍ഹിക സിലിണ്ടറിന് 906.50 രൂപയായി. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിനും വില വര്‍ദ്ധനയുണ്ട്. 73.50 രൂപ വര്‍ദ്ധിച്ച് 554.50 രൂപയായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more