കോഴിക്കോട് നഗരത്തിലെ നടപ്പാതയില്‍ സിമന്റ് ബാരിക്കേഡുകള്‍; ഭിന്നശേഷി-മഷ്യാവകാശ കമ്മീഷനുകള്‍ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മാവൂര്‍ റോഡിലെ നടപ്പാതയില്‍ സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതില്‍ ഭിന്നശേഷി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നുവെന്ന പരാതിയിലാണ് നടപടി. ബാരിക്കേഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന് നോട്ടീസ് അയക്കുമെന്ന് കമ്മീഷണര്‍ എസ്.എച്ച്. പഞ്ചബ കേശന്‍ പറഞ്ഞു. വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ മാര്‍ഗതടസങ്ങളുള്ള നടപ്പാതകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മറ്റ് കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്കും നോട്ടീസ് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തമാസം കോഴിക്കോട് കളക്ടറേറ്റില്‍ ചേരുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനും അറിയിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം.
പുതിയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളുടെ പരിസരത്ത് സ്ഥിതിചെയ്യുന്ന നടപ്പാതയിലാണ് ഇത്തരത്തില്‍ സിമ്മന്റ് കട്ടകള്‍ കൊണ്ട് ബാരിക്കേഡകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ നടപ്പാതയിലേക്ക് കയറുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്.