ഈ ചോദ്യത്തിനുള്ള മറുപടിയാണ് സലിം കുമാറിന്റെ “കറുത്ത ജൂതന്‍” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്. ചടങ്ങില്‍ സലിംകുമാര്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ പി. ജയരാജനെയും കെ. സുധാകരനെയും ക്ഷണിച്ചിരുന്നു. ഇരുവരും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. അടുത്തടുത്ത് ഇരുന്നു തന്നെ.
സലിംകുമാറിന്റെ നിര്‍ദേശനം അനുസരിച്ച് കെ. സുധാകരന്‍ ക്ലാപ്പടിച്ചപ്പോള്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത് പി. ജയരാജന്‍. മാള എം.എല്‍.എയുടെ വേഷത്തില്‍ ക്യാമറയ്ക്കു മുന്നില്‍ ടി.എന്‍ പ്രതാപനും.
സംസാരിക്കാന്‍ ആരെ ആദ്യം ക്ഷണിക്കും എന്നതായിരുന്നു അധ്യക്ഷനായ ടി.വി രാജേഷ് എം.എല്‍.എയ്ക്കുണ്ടായ ആശയക്കുഴപ്പം. ഇതു മനസിലാക്കിയെന്ന വണ്ണം തക്ക സമയത്ത് സലിംകുമാര്‍ ഇടപെടുകയും ചെയ്തു.
ആദ്യം സംസാരിക്കാന്‍ കെ. സുധാകരന്‍ വേദിയിലെത്തി. ” ഞാനും ജയരാജനും ഒരുമിച്ചു വേദിയില്‍ വരുമോ എന്നാണ് എന്നോടു പലരും ചോദിച്ചത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല. പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. ഒന്നിച്ചിരിക്കുന്നതില്‍ ഭ്രഷ്ടൊന്നുമില്ല. ഞങ്ങള്‍ ഒരുപാട് പരിപാടികളില്‍ ഒരുമിച്ചിട്ടുണ്ട്. സലിംകുമാര്‍ എന്നോടു ചോദിച്ചു ജയരാജേട്ടന്റെ കൂടെ പങ്കെടുക്കാന്‍ തടസ്സമുണ്ടോയെന്ന്. അങ്ങനെയൊരു തടസ്സമില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞു.” സുധാകരന്‍ പറഞ്ഞു.
തുടര്‍ന്ന് പി. ജയരാജന്‍ സംസാരിച്ചു. “രാഷ്ട്രീയ നേതാക്കന്മാരെപ്പറ്റി ഇവിടെ ഒട്ടേറെ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറമാണ് യാഥാര്‍ത്ഥ്യം” എന്ന് അദ്ദേഹം പറഞ്ഞു.
“മാധ്യമങ്ങള്‍ സെന്‍സേഷന്‍ ആയി പ്രചരിക്കുന്നത് പലതും സത്യമല്ല. കണ്ണൂര്‍ ലോബി, കണ്ണൂര്‍ രാഷ്ട്രീയം ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്.” ജയരാജന്‍ തുടര്‍ന്നു.
കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന്റെയും ഇന്ത്യയുടെയും ഭാഗമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കേണ്ടി വരുന്നതുകൊണ്ടാണ് ഒന്നിച്ചുള്ള വേദികളില്‍ ഉണ്ടാകാതിരുന്നത്.” അദ്ദേഹം വ്യക്തമാക്കി.
“തമ്മില്‍ കണ്ടാല്‍ മിണ്ടാത്തത്ര ശത്രുതയൊന്നും ഞങ്ങള്‍ക്കിടയിലില്ല. വ്യത്യസ്ത നിലപാടുകളില്‍ ഉറച്ചു നിന്നിട്ടുണ്ട്. സമൂഹത്തിന്റെ നന്മക്കുവേണ്ടിയുള്ള കാര്യങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും തയ്യാറാണ്.” അദ്ദേഹം വ്യക്തമാക്കി.