[] കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികളുടെ മൊബൈല്‍ഫോണ്‍ നിശ്ചലമായത് കേസിലെ തടവുകാരനായ പി.മോഹനന്റെ ഭാര്യ ലതിക എം.എല്‍.എ യുടെ ജയില്‍ സന്ദര്‍ശനത്തിന് ശേഷമെന്ന് പോലീസ് കണ്ടെത്തല്‍.
ഈ മാസം രണ്ടിന് രാവിലെ 10.35നാണ് ടി.പിക്കേസിലെ പ്രതികളായ കൊടിസുനി, കിര്‍മാണി മനോജ് എന്നിവരടക്കമുള്ള സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടത്.
ടി.പിക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയോട് ചാനല്‍ ലേഖകന്‍ സംസാരിക്കുന്ന വാര്‍ത്തയാണ് പുറത്തുവിട്ടത്.
ചാനല്‍ വാര്‍ത്ത വിട്ടതിന് തൊട്ട് പിന്നാലെ 11.30 ന് ലതിക എം.എല്‍.എ യും മറ്റുമൂന്ന് പേരുമടങ്ങുന്ന സംഘം ജയില്‍ സന്ദര്‍ശിക്കുകയും പി.പി മോഹനന് മൂന്ന് കവറുകളില്‍ വസ്ത്രങ്ങള്‍ കൈമാറുകയും ചെയ്തു എന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇതിനുതൊട്ട് പിന്നാലെ മുഹമ്മദ് ഷാഫിയുടേതടക്കമുള്ള ഫോണുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വച്ചായിരുന്നു പി.മോഹനന്റെ ഭാര്യയും എം.എല്‍.എയുമായ ലതിക മോഹനനെ സന്ദര്‍ശിച്ചതും കവര്‍ കൈമാറിയതും.
എന്നാല്‍ മുറിയില്‍ നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ സംസാരിച്ചതെന്തെന്നോ മോഹനനന്‍ എന്തെങ്കിലും വസ്തുക്കള്‍ തിരികെ കൈമാറിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വാര്‍ത്തകള്‍ വന്‍വിവാദമായതിന് ശേഷവും ടി.പിക്കേസിലെ പ്രതികള്‍ താമസിച്ചിരിക്കുന്ന സെല്‍ബ്ലോക്കിലേക്ക് പരിശോധനക്കായി ഒരു ജയില്‍ ജീവനക്കാരനെയും കടത്തിവിടരുതെന്ന് ഉന്നത നിര്‍ദ്ദേശം വന്നതും വിവാദമായിട്ടുണ്ട്.
മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് ജയിലില്‍ പരിശോധന നടന്നത്. ഇതിനിടെ ഫോണുകള്‍ പുറത്തേക്ക് കടത്തിയോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഫോണുകള്‍ പുറത്തേക്ക് കടത്തിയിട്ടില്ലെങ്കില്‍ സെപ്റ്റിക് ടാങ്കിലോ ബയോഗ്യാസ് പ്ലാന്റിലോ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം ടി.പിക്കേസിലെ പ്രതികള്‍ താമസിക്കുന്ന സെല്‍ബ്ലോക്കിന്റെ സുരക്ഷ ഇന്നലെ മുതല്‍ വര്‍ധിപ്പിച്ചു. പ്രതികളുടെ അകത്തേക്കും പുറത്തേക്കുമുള്ള നീക്കങ്ങള്‍ സന്ദര്‍ശിക്കാനായി നിരീക്ഷണമുറിയും സ്ഥാപിച്ചു.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളിലൊന്ന് ജയിലിലെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പില്‍ നിന്നും അന്വേഷണസംഘം ശനിയാഴ്ച്ച കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ സെപ്റ്റിക് ടാങ്ക് വറ്റിച്ച് പരിശോധന നടത്താന്‍ ജയില്‍വകുപ്പിന്റെ അനുമതി പോലീസിന് ലഭിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്ക് പരിശോധനയിലൂടെ കൂടുതല്‍ ഫോണുകള്‍ കണ്ടെത്താനായാല്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാനാവശ്യമായ തെളിവുകളും മറ്റും പോലീസിന് ലഭിക്കും.