ന്യൂദല്‍ഹി: രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ കാണാന്‍ കഴിയുന്നത് സംസ്ഥാനങ്ങളിലുണ്ടായ ഭരണ വിരുദ്ധ വികാരം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രിമാര്‍ പരാജയപ്പെടുന്നത് അപൂര്‍വ്വകാഴ്ചയല്ലെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഒരേ സമയം പരാജയപ്പെട്ടതിനും ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചു.
ഗോവന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കറും ഉത്തരാണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തുമാണ് മുഖ്യമന്ത്രി പദത്തിലിരുന്ന് തോല്‍വിയറിഞ്ഞ പ്രധാന വ്യക്തികള്‍. ഇതില്‍ ഉത്തരാണ്ഡ് മുഖ്യമന്ത്രിയുടെ പരാജയം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് വരെ തലവേദന സൃഷ്ടിക്കുന്നതാണെന്ന് നിസംശയം പറയാം. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ദയനീയ തോല്‍വിയാണ് ഹരീഷ് റാവത്ത് ഏറ്റുവാങ്ങിയത്.
പ്രചരണവേളയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാനാര്‍ത്തിയായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്റെ നേതൃമുഖമായി ഉയര്‍ത്തിക്കാട്ടിയ റാവത്തിനെ പരാജയം പിടികൂടുമെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെയായിരിക്കണം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. എന്നാല്‍ ബി.ജെ.പിയുടെ സിറ്റിംങ് സീറ്റുകളിലാണ് റാവത്ത് വിധി തേടിയതെന്നതും ശ്രദ്ധേയമാണ്.
കിച്ച മണ്ഡലത്തിലും ഹരിദ്വാറിലും മത്സരിച്ച റാവത്തിനെ ഹരിദ്വാറായിരുന്നു തീര്‍ത്തും അവഗണിച്ചത്. ഹരിദ്വാറില്‍ 12,000 വോട്ടുകള്‍ക്കായിരുന്നു റാവത്തിന്റെ തോല്‍വി. എന്നാല്‍ കിച്ച മണ്ഡലത്തില്‍ കേവലം 92 വോട്ടുകള്‍ക്കായിരുന്നു റാവത്ത് പരാജയം രുചിച്ചത്. ബി.ജെപിയുടെ സിറ്റിംങ് എം.എല്‍.എയ്ക്ക് ശക്തമായ മത്സരം കാഴ്ചവെച്ചതിന് ശേഷമായിരുന്നു റാവത്തിന്റെ ഈ പരാജയം.
ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ സംസ്ഥാനത്തെ മാണ്ഡ്രേം മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയിരുന്നത്. കോണ്‍ഗ്രസിലെ ദയാനന്ദ് രഘുനാഥിനോട് 16,490 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പരാജയം ഏറ്റുവാങ്ങിയത്. ഗോവയില്‍ ബി.ജെ.പിക്ക് പിന്നില്‍ രണ്ടാമതായ പാര്‍ട്ടിയെ ഏറ്റവുമധികം തളര്‍ത്തുന്നതും പര്‍സേക്കറുടെ പരാജയം തന്നെയാണ്.
മണിപ്പൂരിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഈറോം ശര്‍മ്മിളയാണ് തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറ്റെരു പ്രമുഖ വ്യക്തി. 16 വര്‍ഷം ജനങ്ങള്‍ക്കായി സമരം നയിച്ച സമരനായികയ്ക്ക് കന്നിയങ്കത്തില്‍ ലഭിച്ചത് കേവലം 90 വോട്ടുകളാണെന്നത് രാജ്യത്തെ ജനാധിപത്യ വിശ്വസികള്‍ക്ക് സന്തോഷിക്കാനുള്ള യാതൊരു വകയും നല്‍കുന്നതല്ല. പുതിയ പാര്‍ട്ടിയുമായെത്തിയെ ശര്‍മ്മിള സംസ്ഥാന മുഖ്യമന്ത്രി ഇബോബി സിങ്ങിനോടാണ് പരാജയപ്പെട്ടത്.
പഞ്ചാബിലെ ബി.ജെ.പി ഭരണത്തിന് അവസാനമിട്ട് മികച്ച വിജയം കരസ്ഥമാക്കിയ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങിനും തെരഞ്ഞെടുപ്പില്‍ പരാജയം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച അമരീന്ദര്‍ സിങ് ഒരിടത്ത് വിജയിക്കുകയും ചെയ്തു. ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പ്രകാശ് സിംങ് ബാദലിനോട് ലാംബിയ മണ്ഡലത്തില്‍ നിന്നാണ് അമരീന്ദര്‍ പരാജയപ്പെട്ടത്. പാട്യാലയില്‍ മികച്ച ജയം സ്വന്തമാക്കാനും അമരീന്ദറിന് കഴിഞ്ഞു.