2020, ലോകചരിത്രത്തെ നിശ്ചലമാക്കിയ ഒരു വര്‍ഷം. കൊവിഡ് മഹാമാരിക്ക് മുന്നില്‍ മനുഷ്യര്‍ പകച്ചു പോയ 2020 മുറിപ്പെടുത്തിയ മരണങ്ങളുടെ കൂടെ വര്‍ഷമായിരുന്നു. തിയേറ്ററുകള്‍ അടഞ്ഞു കിടന്ന 2020ല്‍ പ്രിയപ്പെട്ട, പ്രതിഭാധനരായ ഒട്ടേറെ സിനിമാക്കാരും വിടവാങ്ങി. ആരാധകരെ വേദനപ്പിച്ച, മുറിപ്പെടുത്തിയ മരണങ്ങളായിരുന്നു അവ ഓരോന്നും.
വേര്‍പാടുകള്‍ സിനിമാപ്രേമികളെ കണ്ണീരിലാഴ്ത്താതെ ഒരു മാസം പോലും 2020ല്‍ കടന്നുപോയിട്ടില്ല. ക്യാമറക്ക് മുന്‍പിലും പിറകിലുമായി ആടി തീര്‍ത്ത വേഷങ്ങളിലൂടെ, അത് കാണുന്ന ആസ്വാദകന്റെ കണ്ണുകളിലൂടെ ഈ പ്രിയപ്പെട്ട സിനിമാക്കാര്‍ ഇനിയും ജീവിക്കും.
പറവൈ മുനിയമ്മ – 29 മാര്‍ച്ച് 2020
തമിഴ് സിനിമകളിലെ ഊര്‍ജ്വസ്വലായ മുത്തശ്ശി. പാട്ടും പഞ്ച് ഡയലോഗും കോമഡിയുമായി മുനിയമ്മ തമിഴ് സിനിമാലോകത്തിന്റെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട പാട്ടിയായിരുന്നു.
ശശി കലിംഗ – 7 ഏപ്രില്‍ 2020
വ്യത്യസ്തമായ സംസാരശൈലി തന്റെ അഭിനയത്തിന്റെ മുഖമുദ്രയാക്കിയ നടന്‍. നാടകരംഗത്ത് നിന്നും 2009ഓടെ സിനിമയിലേക്ക് കടന്നുവന്ന ശശി കലിംഗ കുറഞ്ഞ വേഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധക മനസ്സില്‍ ഇടംനേടി.
എം.കെ അര്‍ജുന്‍ മാസ്റ്റര്‍ – 6 ഏപ്രില്‍ 2020
സംഗീത സംവിധാനരംഗത്തെ അഗ്രകണ്യന്‍. അമ്പത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 200ലേറെ മലയാളം ചിത്രങ്ങളിലായി 500ലേറെ പാട്ടുകള്‍ക്കാണ് അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതമൊരുക്കിയത്.
രവി വള്ളത്തോള്‍ – 25 ഏപ്രില്‍ 2020
സിനിമക്കും സീരിയലിനും ഒരുപോലെ പ്രിയപ്പെട്ട നടന്‍. ആരാധകപ്രീതയോടൊപ്പം ടെലിവിഷന്‍ രംഗത്തെ അഭിനയമികവിന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു.
ഇര്‍ഫാന്‍ ഖാന്‍ – 7 ജനുവരി 1967 – 29 ഏപ്രില്‍ 2020
വ്യത്യസതമായ അഭിനയശൈലികൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടന്‍. സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ തിരക്കേറിയ താരമായി നില്‍ക്കവേ ഹോളിവുഡിലും മികച്ച നടനെന്ന ഖ്യാതി നേടി. ട്യൂമര്‍ ബാധിച്ച് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യവനായി തിരിച്ചുവരികയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഏപ്രിലില്‍ മരണപ്പെടുന്നത്.
റിഷി കപൂര്‍ – ഏപ്രില്‍ 30 2020
ബോളിവുഡിന്റെ ഒരുകാലത്തെ ചോക്ലേറ്റ് നായക സങ്കല്‍പങ്ങളുടെ ആള്‍രൂപമായി മാറിയ നടന്‍. തമാശയും വൈകാരികതയും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞാടിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്‍. ബോളിവുഡിലെ ഒരുപിടി ഹിറ്റ് ഗാനങ്ങളിലെ മറക്കാനാകാത്ത മുഖം..
സൂപ്പര്‍സ്റ്റാര്‍ രാജ് കപൂറിന്റെ മകനായെത്തി പിന്നീട് ബോളിവുഡില്‍ സ്വന്തമായൊരു മേല്‍വിലാസം നേടിയെടുത്ത റിഷി കപൂര്‍, അവസാന നാളുകളിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി തന്നെ തുടര്‍ന്നു.
ചിരഞ്ജീവി സര്‍ജ – 7 ജൂണ്‍ 2020
കന്നട നടനായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്. 10 വര്‍ഷം നീണ്ട കരിയറില്‍ ഇരുപതോളം ചിത്രങ്ങളിലായിരുന്നു ചിരഞ്ജീവി സര്‍ജ എത്തിയത്.
സുശാന്ത് സിംഗ് രജ്പുത് – 14 ജൂണ്‍ 2020
അടുത്ത കാലത്ത് ഏറ്റവും വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു, സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ. ബീഹാര്‍ – മഹാരാഷ്ട്ര രാഷ്ട്രീയ തര്‍ക്കങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരെ പ്രധാന വിഷയമായ മരണം. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ വരെ സംശയത്തിന്റെ നിഴലിലായ മരണമായിരുന്നു സുശാന്തിന്റേത്.
സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നും വന്ന് ബാക്ഗ്രൗണ്ട് ഡാന്‍സറായും ടെലിവിഷന്‍ സീരിയല്‍ താരമായും തുടങ്ങി പിന്നീട സിനിമയില്‍ സഹതാരമായി നായകനായി, അങ്ങനെ പടിപടിയായി ഉയര്‍ന്നുവന്ന കരിയര്‍ഗ്രാഫാണ് സുശാന്തിന്റേത്. ചില തിരിച്ചടികള്‍ക്ക് ശേഷം മികച്ച പ്രകടനങ്ങള്‍ കൊണ്ട് യുവനടന്മാരിലെ ശ്രദ്ധേയനായ താരമായി നില്‍ക്കുമ്പോഴാണ് സുശാന്ത് ലോകത്തോട് വിടപറഞ്ഞത്.
സച്ചി – 18 ജൂണ്‍ 2020
മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സംവിധായകന്‍ സച്ചിയുടേത്. സച്ചി-സേതു കൂട്ടുക്കെട്ടില്‍ എഴുതിയ ചിത്രങ്ങള്‍ക്ക് ശേഷം ഏഴോളം ചിത്രങ്ങള്‍ക്ക് സ്വന്തമായി തിരക്കഥയൊരുക്കിയ സച്ചി 2015ല്‍ അനാര്‍ക്കലിയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നു. 2020ല്‍ അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തിനില്‍ക്കവേയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത മരണം.
സരോജ് ഖാന്‍ – 3 ജൂലൈ 2020
ബോളിവുഡിലെ ഹിറ്റ് ഡാന്‍സ് നമ്പറുകള്‍ക്ക് പിന്നിലെ കലാകാരി. കൊറിയോഗ്രാഫറായ സരോജ് ഖാന്‍ 2000ത്തിലേറെ പാട്ടുകള്‍ക്കാണ് ചുവടൊരുക്കിയത്. ശ്രീദേവിയുടെയും മാധുരി ദിക്ഷിതിന്റെയും ഏറ്റവും ഹിറ്റ് ഗാനങ്ങള്‍ക്കെല്ലാം കൊറിയോഗ്രാഫിയൊരുക്കിയത് സരോജ് ഖാനായിരുന്നു.
അനില്‍ മുരളി – 30 ജൂലൈ 2020
സഹനടനായും വില്ലനായും മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അനില്‍ മുരളി. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തിയ അനില്‍ മുരളി മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. സിനിമക്കൊപ്പം തന്നെ ടെലിവിഷന്‍ രംഗത്തും അനില്‍ സജീവമായിരുന്നു.
ചാഡ്‌വിക് ബോസ്മാന്‍ – 28 ആഗസ്റ്റ് 2020
സിനിമാപ്രേമികളുടെ സ്വന്തം ബ്ലാക് പാന്തര്‍. ബ്ലാക് പാന്തര്‍ മാത്രമല്ല, ടെലിവിഷനിലും സിനിമയിലുമായി ചാഡ്വിക് ചെയ്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സ നടക്കുന്നതിനിടയിലും ചാഡ്വിക് അഭിനയരംഗത്ത് സജീവമായിരുന്നു
എസ്.പി.ബാലസുബ്രമണ്യം – 25 സെപ്റ്റംബര്‍ 2020
സംഗീതപ്രേമികളെ ഇത്രത്തോളം വേദനിപ്പിച്ച മറ്റൊരു മരണം 2020ല്‍ ഉണ്ടായിട്ടില്ല. സംഗീതം പഠിക്കാതെ സംഗീതലോകത്തെത്തി പിന്നീട് ലോകറെക്കോര്‍ഡുകള്‍ നേടിയ പാട്ടുകാരനായിരുന്നു എസ്.പി.ബി. 40,000 ത്തിലേറെ പാട്ടുകളാണ് വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ചത്. ക്ലാസിക്, സെമി ക്ലാസിക്, മെലഡി, ഫ്ാസ്റ്റ് നമ്പറുകള്‍ എന്നു തുടങ്ങി എസ്.പി.ബി കൈവെക്കാത്ത ഗാനശാഖകളില്ലായെന്ന് തന്നെ പറയാം.
ഭാനു അതയ്യ – 15 ഒക്ടോബര്‍ 2020
ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡ് കൊണ്ടുവന്ന ഭാനു അതയ്യ. 1983ല്‍ റിച്ചാര്‍ഡ് ആറ്റിന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ബയോപിക്കിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യ ഓസ്‌കാര്‍ നേടിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ ഭാനു അതയ്യ വസ്ത്രാലങ്കാര രംഗത്ത് സജീവമായി തുടര്‍ന്നു.
ഷീന്‍ കോണറി – 31 ഒക്ടോബര്‍ 2020
ഹോളിവുഡിന്റെ എക്കാലത്തെയും മികച്ച ക്ലാസി ആക്ഷന്‍ ഹീറോകളിലൊരാള്‍. ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട, എല്ലാവരും ഒരുപോലെ അംഗീകരിച്ച ജെയിംസ് ബോണ്ട് മുഖം. വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിത്തില്‍ ഓസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഷീന്‍ കോണറി കരസ്ഥമാക്കിയിരുന്നു.
സൗമിത്ര ചാറ്റര്‍ജി – 15 നവംബര്‍ 2020
ബംഗാളി സിനിമയുടെ കുലപതിയായ നടന്‍. സത്യജിത് റേ-സൗമിത്ര ചാറ്റര്‍ജി കോമ്പിനേഷന്‍ ലോകസിനിമയില്‍ തന്നെ ഏറെ പേരു കേട്ടിരുന്നു. നടനോടൊപ്പം തന്നെ തികഞ്ഞ് രാഷ്ട്രീയജീവി കൂടിയായിരുന്ന സൗമിത്ര സമരവേദികളിലെ പ്രധാന മുഖമായിരുന്നു.
കിം കി ഡുക് – 11 ഡിസംബര്‍ 2020
ലോകപ്രശസ്ത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് വിടപറഞ്ഞതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇന്നും സിനിമാലോകം. കൊറിയന്‍ ഭൂമികയില്‍ നിന്നുള്ള കഥ പറഞ്ഞുകൊണ്ട് ലോകം മുഴുവനുമുള്ള സിനിമാപ്രേമികളോട്, മനുഷ്യരോട് കിം കി ഡുക് സംവദിച്ചു. ചെയ്ത ഓരോ ചിത്രങ്ങളും ലോക ക്ലാസികുകളാക്കി മാറ്റിയ സംവിധായകനായിരുന്നു കിം കി ഡുക്.
ഷാനവാസ് നാരാണിപ്പുഴ – 24 ഡിസംബര്‍ 2020
ചെയ്ത രണ്ടേ രണ്ടു സിനിമകളിലൂടെ തന്നെ തന്റെയുള്ളിലെ കഥപറച്ചിലുകാരന്റെ മികവ് കാണിച്ചു തന്ന സംവിധായകന്‍. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രമായ സൂഫിയും സുജാതയും അതിനു മുന്‍പേ ഇറങ്ങിയ കരി എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ഴോണറുകള്‍ തനിക്ക് വഴങ്ങുമെന്ന് ഷാനവാസ് കാണിച്ചു തന്നിരുന്നു. അട്ടപ്പാടിയില്‍ പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ നടക്കവേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
അനില്‍ നെടുമങ്ങാട് – 25 ഡിസംബര്‍ 2020
2020ല്‍ മലയാളിയെ ഞെട്ടിച്ച മരണമായിരുന്നു അനില്‍ നെടുമങ്ങാടിന്റേത്. നാടകരംഗത്തും സിനിമയിലും സജീവമായിരുന്ന അനില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിങ്ങിയ അനില്‍ കയത്തില്‍ പെട്ടുപോകുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംവിധായകന്‍ സച്ചിയെ കുറിച്ച് അനിലെഴുതിയ ഓര്‍മ്മക്കുറിപ്പ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Celebrities we lost in 2020