മമ്മൂട്ടി -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ദിവസം ചിത്രം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പ്രതികരണങ്ങള്‍ പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുകയാണ്. എല്‍.ജെ.പിയും മമ്മൂട്ടിയും ചേര്‍ന്ന് നന്‍പകല്‍ നേരത്ത് മയക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നാകെ പറയുന്നത്.
ഒന്നും പറയാനില്ല, സൂപ്പറെന്നാണ് സിനിമ കണ്ടിറങ്ങിയ നടന്‍ ബാലാജി മാധ്യമങ്ങളോട് പ്രതികരിച്ചത്. മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രകാരനാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്നുവെന്ന് എം.എല്‍.എ പി.സി. വിഷ്ണു നാഥ് പറഞ്ഞു. മമ്മൂട്ടിയുടെ അസാധ്യ പെര്‍ഫോമന്‍സ്. മലയാളത്തിലെ എല്ലാ കാലത്തേയും ഏറ്റവും നല്ല സിനിമകളിലൊന്നായിരിക്കുമിതെന്നും പി.സി. വിഷ്ണു നാഥ് പറഞ്ഞു.
സ്‌ക്രിപ്റ്റും ഗംഭീരം, ടെക്‌നിക്‌സും ഗംഭീരം, മമ്മൂക്ക തകര്‍ത്തിട്ടുണ്ട്. വാറുണ്ണിയൊക്കെ പോലെ മമ്മൂക്ക വളരെ വ്യത്യസ്തമായി ചെയ്തിട്ടുണ്ട്, ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഗംഭീരം എന്ന് പറഞ്ഞാല്‍ ലിജോ സാര്‍ എല്ലായ്‌പ്പോഴത്തേയും പോലെ അത്ഭുതപ്പെടുത്തി. ഏറ്റവും ബെസ്റ്റ് പടമെന്ന് പറയാന്‍ തോന്നുന്ന വിധത്തില്‍ അത്രയും നല്ല പടമെന്നും ഗീതി സംഗീത പറഞ്ഞു.
ഇനിയും രണ്ടുമൂന്ന് തവണ കണ്ടാലേ ചിത്രം മനസിലാവുകയുള്ളൂവെന്ന ഗൗതമി നായര്‍ പറഞ്ഞു. ‘വളരെ നല്ല പടമാണ്. വളരെ രസമായിട്ടാണ് ചെയ്തിരിക്കുന്നത്. പക്ഷേ എനിക്ക് പല കാര്യങ്ങളും മനസിലായിട്ടില്ല. രണ്ടുമൂന്ന് തവണ കൂടി കണ്ടാലേ ആ പടത്തിനെ പറ്റി ഒരു ഐഡിയ കിട്ടുകയുള്ളൂ. സട്ടിലായി കുറെ കാര്യങ്ങള്‍ പടത്തില്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് നമ്മുടെ രീതിയില്‍ എങ്ങനെ വേണമെങ്കിലും കഥ കൊണ്ടുപോകാം,’ ഗൗതമി പറഞ്ഞു.
അതേസമയം പ്രേക്ഷകപ്രതികരണങ്ങള്‍ക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. ‘നന്‍പകല്‍ നേരത്ത് സിനിമാ കൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി,’ ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.