നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആദ്യവട്ടം രണ്ടുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വീണ്ടും നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കണമെന്നാണ് പാര്‍ലമെന്ററി സമിതി ശുപാര്‍ശ.
ന്യൂദല്‍ഹി: താരങ്ങള്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച് യഥാര്‍ത്ഥമല്ലാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നത് തടയാന്‍ നിയമം വരുന്നു. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണബില്ലില്‍ ഇതിനായി ചില ഭേദഗതികള്‍ സര്‍ക്കാര്‍തന്നെ കൊണ്ടുവരും. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭ അടുത്തയാഴ്ച പരിഗണിക്കും.
നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആദ്യവട്ടം രണ്ടുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വീണ്ടും നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കണമെന്നാണ് പാര്‍ലമെന്ററി സമിതി ശുപാര്‍ശ. പരസ്യവുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായാല്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത താരങ്ങള്‍ക്കുണ്ടാകും.
മികച്ച ഉത്പന്നമായതിനാല്‍ തങ്ങള്‍ ഇതാണ് ഉപയോഗിക്കുന്നതെന്ന മട്ടിലുള്ള പരസ്യമാണ് മിക്ക സിനിമ, കായികതാരങ്ങളും നല്‍കുന്നത്. ഇത് വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സാധാരണക്കാര്‍ വഞ്ചിക്കപ്പെടുന്നെന്നുള്ള പരാതി വ്യാപകമായ സാഹചര്യത്തില്‍ നിയമം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തെലുഗുദേശം പാര്‍ട്ടിയുടെ ജെ.സി ദിവാകര്‍റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററിസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.