| Tuesday, 23rd February 2021, 12:06 pm

രാഷ്ട്രീയത്തില്‍ അടി പതറിയ പ്രമുഖര്‍, തെരഞ്ഞെടുപ്പില്‍ തോറ്റ താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടേറെ കൗതുകങ്ങള്‍ നിറഞ്ഞതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. അടി തെറ്റിയാല്‍ ആനയും വീഴും എന്ന പഴഞ്ചൊല്ല് പോലെ അനേകം പ്രമുഖര്‍ കേരളത്തിലെ വിവിധ തെരഞ്ഞടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിന് പുറത്തുള്ള മറ്റ് മേഖലകളില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനായി വന്ന പല പ്രമുഖരും ഇക്കൂട്ടത്തില്‍ പെടും.

ആദ്യ തെരഞ്ഞെടുപ്പില്‍ തോറ്റ എസ്.കെ പൊറ്റെക്കാട്

ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനും കവിയുമായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാട് താന്‍ ആദ്യമായി മത്സരിച്ച തെരഞ്ഞടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

1956 ലെ ഐക്യകേരള രൂപീകരണത്തിന് ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 1957 ല്‍ തലശ്ശേരിയില്‍ നിന്നും കമ്യൂണിസ്റ്റ് സ്വതന്ത്രനായാണ് ലോകസഭയിലേക്ക് എസ്.കെ. പൊറ്റെക്കാട് മല്‍സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.കെ ജിനചന്ദ്രനോട് അദ്ദേഹം 1,382 വോട്ടിന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം തലശ്ശേരിയില്‍ നിന്ന് തന്നെ വിജയിച്ചു.

പൊറ്റെക്കാടിനോട് തോറ്റ അഴീക്കോട്

1957 ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട എസ്്.കെ പൊറ്റെക്കാട് വീണ്ടും 1962 ല്‍ മത്സര രംഗത്തിറങ്ങിയപ്പോള്‍ എതിരാളിയായി വന്നത് കോണ്‍ഗ്രസില്‍ നിന്നും കെ.ടി.സുകുമാരന്‍ എന്ന പേരില്‍ സാക്ഷാല്‍ സുകുമാര്‍ അഴീക്കോടായിരുന്നു. സാഹിത്യ രംഗത്തെ രണ്ട് പ്രതിഭകള്‍ പരസ്പരം ഇടത് – വലത് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആ തെരഞ്ഞെടുപ്പ് കേരളം ഏറെ കൗതുകത്തോടെയായിരുന്നു നോക്കിക്കണ്ടത്. സുകുമാര്‍ അഴീക്കോടിനെ 64,950 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എസ്.കെ പൊറ്റക്കാട് ലോക്‌സഭയില്‍ എത്തി.

അടി തെറ്റിയ കവി ഒ.എന്‍.വി

തിരഞ്ഞെടുപ്പ് കളത്തില്‍ പരാജയപ്പെട്ട മറ്റൊരു ജ്ഞാനപീഠ ജേതാവാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എന്‍.വി കുറുപ്പ്. 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണ് അദ്ദേഹം ഇടത് സ്വതന്ത്രനായി മത്സരിച്ചത്. മലയാളത്തിന്റെ പ്രിയ കവിയുടെയും ചലച്ചിത്ര ഗാനരചയിതാവിന്റെയും താരപരിവേഷത്തോടെയായിരുന്നു ഒ.എന്‍.വിയുടെ സ്ഥാനാര്‍ത്ഥിത്വമെങ്കിലും സിറ്റിങ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എ. ചാള്‍സിനോട് 50913 വോട്ടിന് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ പ്രധാനമന്ത്രി

ഐക്യ കേരള രൂപീകരണത്തിന് മുമ്പ് തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയും പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയും തെരഞ്ഞെടുപ്പില്‍ തോല്‍വിയറിഞ്ഞിട്ടുണ്ട്. 1957ല്‍ തിരുവനന്തപുരം ലോക്‌സഭയില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിച്ച ഈശ്വര അയ്യരോട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നോതാവായ പട്ടം താണുപിള്ള 10,944 വോട്ടിന് തോറ്റത്. എന്നാല്‍ തുടര്‍ന്ന് കേരള നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ 2ാം നിയോജകമണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും ചെയ്തു.

തുടക്കത്തില്‍ പിഴച്ച അധ്യാപകന്‍

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സാഹിത്യകാരനും നിരൂപകനുമായ ജോസഫ് മുണ്ടശ്ശേരി, കേരളം രൂപീകൃതമാകുന്നതിന് മുന്‍പ് 1952ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ തൃശൂരില്‍ നിന്നും കോണ്‍ഗ്രസിനെതിരെ മത്സരിച്ച് തോല്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇയ്യുണ്ണി ചാലക്കയോട് 13,938 വോട്ടുകള്‍ക്കാണ് തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ ജോസഫ് മുണ്ടശ്ശേരി പരാജയപ്പെട്ടത്.

കാസര്‍ഗോട്ട് കടന്നപ്പള്ളിയോട് തോറ്റ നായനാര്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകരിലൊരാളായ എ.കെ.ജി സ്ഥിരമായി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം. ഇടതുപക്ഷം വലിയ ഭൂരിപക്ഷം നേടിയിരുന്ന ഈ മണ്ഡലത്തില്‍ മത്സരിക്കാനായി നെഹ്‌റുവിനെ എ.കെ.ജി വെല്ലുവിളിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ 1971 ല്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച അന്ന് മലബാറിലെ ഉയര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.കെ നായനാര്‍ പരാജയപ്പെടുകയയായിരുന്നു. അന്ന് 26 വയസ്സ് മാത്രമുണ്ടായിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനോടാണ് 28,000 വോട്ടിന് ഇ.കെ നായനാര്‍ പരാജയപ്പെട്ടത്. ഇ.കെ നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏക തോല്‍വിയും ഇതായിരുന്നു.

രാഷ്ട്രീയത്തില്‍ തോറ്റ സംവിധായകന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ രാമു കാര്യാട്ടും തെരഞ്ഞെടുപ്പില്‍ തോല്‍വിയറിഞ്ഞിട്ടുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോന്റെ നിര്യാണത്തെ തുടര്‍ന്ന് മുകുന്ദപുരത്ത് 1970ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ജനവിധി തേടിയെങ്കലും 10000 വോട്ടിനടുത്തെ നേടനായുള്ളൂ. തൊട്ടടുത്ത വര്‍ഷം 1971ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും മത്സരിച്ചു. എന്നാല്‍ അവിടെയും തോല്‍വിയായിരുന്നു ഫലം.

കെ.ആര്‍ നാരായണനോട് തോറ്റ ലെനിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രനും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. 1989 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും മത്സരിച്ച ലെനിന്‍ രാജേന്ദ്രനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച, മുന്‍ രാഷ്ട്രപതി സാക്ഷാല്‍ കെ.ആര്‍ നാരായണന്‍ ആയിരുന്നു.

തൃശ്ശൂരില്‍ തോറ്റ ചാണക്യന്‍

നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നതിന് ശേഷവും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റയാളാണ് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നറിയപ്പെടുന്ന സാക്ഷാല്‍ കെ. കരുണാകരന്‍. രാഷ്ട്രീയത്തിന്റെ തുടക്ക കാലത്ത് 1957 ല്‍ ആദ്യമായി മത്സരിച്ച തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് തോറ്റിരുന്നെങ്കിലും പിന്നീടങ്ങോട്ട് കെ. കരുണാകരന് തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാള്‍ കൂടിയാണ് കെ. കരുണാകരന്‍. എന്നാല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അടിതെറ്റിയ കരുണാകരന്‍ 1996 ല്‍ തൃശൂരില്‍ സി.പി.ഐയിലെ വി.വി രാഘവനോട് മത്സരിച്ച് 1,480 വോട്ടിന് തോല്‍ക്കുകയായിരുന്നു.

തോല്‍വിയറിഞ്ഞ മുരളി

ഇടതുപക്ഷ സഹയാത്രികനായ നടന്‍ മുരളിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. 1999-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച മുരളി കോണ്‍്ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി.എം സുധീരനോട് 35094 വോട്ടിന് പരാജയപ്പെടുകയായിരുന്നു. വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമായിരുന്നു മുരളി മത്സര രംഗത്തിറങ്ങിയത്.

തൃശ്ശൂരിനെ എടുക്കാനാകാതെ പോയ സുരേഷ് ഗോപി

സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയ രംഗത്തെത്തി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറ്റൊരു പ്രമുഖനാണ് പ്രശസ്ത താരം സുരേഷ് ഗോപി. അഭിനയത്തില്‍ സജീവമല്ലാതായതിന് ശേഷം ബി.ജെ.പിയുടെ പ്രവര്‍ത്തകനായ താരം 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃശ്ശൂരില്‍ നിന്നാണ് മത്സരിച്ചത്. പ്രചരണത്തിനിടെ ‘തൃശ്ശൂര് ഞാനിങ്ങെടുക്കുവാ’ എന്ന അദ്ദേഹത്തിന്റെ സിനിമാ സ്റ്റൈല്‍ ഗയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ ടി.എന്‍ പ്രതാപനോടാണ് സുരേഷ് ഗോപി പരാജയപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Celebrities failed in elections – kerala politics

We use cookies to give you the best possible experience. Learn more