| Friday, 25th September 2020, 2:47 pm

നാല് തലമുറയ്ക്കായി പാടിയ എസ്.പി.ബിയെ ഏഴ് തലമുറ ഓര്‍ക്കുമെന്ന് കമലഹാസന്‍; അനുശോചനം അറിയിച്ച് പ്രമുഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.

നാല് തലമുറയ്ക്കായി പാട്ടുകള്‍ പാടിയ എസ്.പി.ബിയെ ഏഴ് തലമുറ ഓര്‍ക്കുമെന്നായിരുന്നു നടന്‍ കമല്‍ ഹാസന്‍ പ്രതികരിച്ചത്. ഒരു കാലത്തും എസ്.പി.ബിയെ മറക്കാന്‍ കഴിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

താങ്ങാനാവാത്ത നഷ്ടമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചത്. എസ്.പി.ബിയുടെ വിയോഗത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എസ്.പി.ബിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സ്വരമാധുരമായ ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും അദ്ദേഹം എന്നും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

സംഗീത ലോകത്തെ തീരാനഷ്ടമെന്നായിരുന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രതികരിച്ചത്. എസ്.പി.ബിക്ക് നിത്യശാന്തി നേരാന്‍ തനിക്കാവില്ലെന്നും അദ്ദേഹം പാട്ടുകളിലൂടെ ഇനിയും ജീവിക്കുമെന്നുമായിരുന്നു ഗായകന്‍ എം.ജി ശ്രീകുമാര്‍ പ്രതികരിച്ചത്. ഈ പ്രപഞ്ചത്തിന്റെ ഗായകനായ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും നിലനില്‍ക്കുമെന്നും എം.ജി പറഞ്ഞു.

എത്രയോ വര്‍ഷം മുന്‍പ് ഞാന്‍ പരിചയപ്പെട്ടയാളാണ് എന്റെ ബാലുവണ്ണന്‍, എന്റെ സഹോദരനാണ് അദ്ദേഹം. എത്രയോ പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാട്ടിയിട്ടുണ്ട്. ഒരുമിച്ചു പാടുമ്പോള്‍ എന്തെങ്കിലും ഒരു സംഗതി ഞാന്‍ നല്ല രീതിയില്‍ നല്‍കിയാല്‍ അപ്പോള്‍ തന്നെ സബാഷ് ഡാ എന്നു പറഞ്ഞ് നമ്മളെ അഭിനന്ദിക്കുന്നയാളാണ് എസ്.പി അണ്ണന്‍. അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം. അങ്ങനെയൊരാള്‍ക്ക് ഇതു സംഭവിച്ചല്ലോ എന്നതാണ് എന്റെ ദുഖം, എം.ജി ശ്രീകുമാര്‍ പറഞ്ഞു.

ഗായകന്‍, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് ഒരു ബന്ധം ബാലുവുമായിട്ട് ഉണ്ടായിരുന്നെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു. മദ്രാസില്‍ ഒരേ കോളേജില്‍ പഠിച്ചതാണ് ഞങ്ങള്‍. ബാലു എന്റെ ജൂനിയറായിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ട് പേരും സിനിമയില്‍ വന്നു. രണ്ട് ഭാഷയിലാണെങ്കിലും എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളത്തില്‍ അദ്ദേഹം ആദ്യം പാടിയത് എനിക്ക് വേണ്ടിയാണ്.

എന്റെ മകള്‍ക്ക് കവിത എന്ന് ഞാന്‍ പേരിട്ടു. അതുകഴിഞ്ഞ് രണ്ട മാസം കഴിഞ്ഞാണ് ബാലുവിന് മകളുണ്ടായത്. അന്ന് ബാലു പറഞ്ഞു, നീ മകള്‍ക്ക് കവിതയെന്ന് പേര് കൊടുത്തില്ലേ, ഞാന്‍ എന്റെ മകളെ പല്ലവിയെന്ന് വിളിക്കാം എന്ന്. പല്ലവിയും കവിതയും ഒരു സ്‌കൂളിലായിരുന്നു പഠിച്ചത്. സിനിമയ്ക്ക് അതീതമായ ബന്ധമായിരുന്നു അവനുമായി. ഏറ്റവും ഒടുവില്‍ വൈക്കത്ത് വെച്ച് കണ്ടിരുന്നു. അന്ന് ഞാന്‍ ഒരു അവാര്‍ഡ് ബാലുവിന് കൊടുത്തു.

ഇന്നലെ വരെയും ബാലുവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നേക്കാള്‍ ആറ് വയസ് ഇളയതാണ് ബാലു. സ്‌നേഹസമ്പന്നനായ കലാകാരനാണ് അദ്ദേഹം. എന്തും പറയാം ബാലുവിനോട്. മലയാള സിനിമ മേഖലയില്‍ ഒരു ചടങ്ങ് നടക്കുമ്പോള്‍ വിളിച്ചിട്ടുണ്ടെങ്കില്‍ ബാലു വന്നിരിക്കും.
എന്ത് പറഞ്ഞാലും നോ പറയാത്ത കലാകാരനാണ് അദ്ദേഹം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരേസമയം അദ്ദേഹം നമ്പര്‍ വണ്ണായിരുന്നു. ഹിന്ദി പാടുമ്പോള്‍ അദ്ദേഹം ഹിന്ദിക്കാരനാണ്. മലയാളം മാത്രം അത്ര അനായാസമായി കിട്ടുന്നില്ലെന്നും വല്ലാത്തൊരു ലാംഗ്വേജ് ആണെന്നും തമാശ രൂപേണ പറയുമായിരുന്നു.

ആദ്യമായി ബാലുവിനെ കൊണ്ട് പാടിച്ചത് തെലുങ്കിലെ സംഗീത സംവിധായകനായ കോതണ്ഡപാണിയാണ്. ബാലു സമ്പന്നനായപ്പോള്‍ മദ്രാസില്‍ ആദ്യമായി വലിയൊരു റെക്കോര്‍ഡിങ് തിയേറ്റര്‍ സ്ഥാപിച്ചു. അതിനിട്ട പേര് കോതണ്ഡപാടി റെക്കോര്‍ഡിങ് തിയേറ്റര്‍ എന്നായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ഗുരുത്വം, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Celebrities expressed condolences to SP Balasubrahmanyam

We use cookies to give you the best possible experience. Learn more