മുംബൈ: കരിയറിലെ നൂറാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ച സുനില്‍ ഛേത്രിക്ക് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ മുതല്‍ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, മലയാളി ഫുട്ബോള്‍ താരം സി.കെ.വിനീത്, സിദ്ദ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍സിങ് റത്തോര്‍ തുടങ്ങിയ പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ ഛേത്രിക്ക് അഭിനന്ദനങ്ങളുമായെത്തി.
ഛേത്രിയുടേത് മഹത്തായ നേട്ടമാണെന്നും, മികച്ച വിജയം നേടിയ ടീമിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു സച്ചിന് ട്വിറ്ററില്‍ കുറിച്ചത്.
“ഇന്ത്യയ്ക്ക് നൂറ് മത്സരങ്ങള്‍ കളിക്കുകയെന്നത് നിസാരമായ കാര്യമല്ല, പക്ഷെ ഇനിയുമൊരു നൂറ് മത്സരങ്ങള്‍ കളിക്കാനുള്ള കരുത്ത് ഛേത്രിക്കുണ്ടെന്ന് എനിക്കറിയാം. ഇന്ത്യന്‍ ക്യാപ്റ്റന്‍ എല്ലാ ആശംസകളും നേരുന്നു”. സി.കെ.വിനീതും ട്വിറ്ററില്‍ കുറിച്ചു.
മുംബൈ അറീന സ്റ്റേഡിയത്തില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം നേടിക്കൊടുത്ത നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ കെനിയയെ തകര്‍ത്തുവിട്ടത്.
കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകര്‍ മത്സരം കാണാന്‍ എത്തിച്ചേര്‍ന്നത്. കാലങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നില്‍ കളിക്കുന്നത്. നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുന്‍പ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐ.എം വിജയനും ചേര്‍ന്നാണ് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചത്.