| Friday, 17th November 2023, 10:09 pm

'ബി.ജെ.പി ഇതര പാർട്ടികൾ മധ്യപ്രദേശിൽ വിജയിച്ചാൽ പാകിസ്ഥാനിൽ ആഘോഷം'; മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി ഇതര പാർട്ടികൾ വിജയിച്ചാൽ പാകിസ്ഥാനിൽ ആഘോഷമുണ്ടാകുമെന്ന് പറഞ്ഞ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ് ദിഗ്വിജയ് സിങ്.

നവംബർ 17ന് മധ്യപ്രദേശിൽ വോട്ടിങ് നടക്കുന്ന ദിവസമായിരുന്നു നരോട്ടം മിശ്രയുടെ വിവാദ പരാമർശം. ബി.ജെ.പി അല്ലാത്ത ഏത് പാർട്ടി ജയിച്ചാലും പാകിസ്ഥാനിൽ ആഘോഷം നടക്കുമെന്ന പ്രസ്താവനക്ക് പുറമെ രാജ്യത്തെ സേവിക്കാൻ ആഗ്രഹമുള്ളവർ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘അതൊരു പ്രകോപനപരമായ പ്രസ്താവനയാണ്. അദ്ദേഹത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി അദ്ദേഹത്തിന് നോട്ടീസ് നൽകണം,’ ദിഗ്വിജയ് സിങ് പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ നടത്തുന്നത് നരോട്ടം മിശ്രയുടെ സ്ഥിരം സ്വഭാവമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കോടതിയിലുള്ള കേസ് ഇനിയും തീർപ്പായിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി കമൽ നാഥ് പറഞ്ഞു. ഈ വിധത്തിൽ പെരുമാറുന്ന അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമില്ലെന്നും കമൽ നാഥ് പറഞ്ഞു.

Content Highlight: ‘Celebrations in Pakistan’ if other party wins MP polls, says Narottam Mishra; Cong demands action

We use cookies to give you the best possible experience. Learn more