കലാപം ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിച്ചു; ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അഹ്മദാബാദ്: ഗാന്ധി ഘാതകന്‍ നാഥൂറാം വിനായക ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ ക്ഷേത്രത്തില്‍ വെച്ച് ജന്മദിനം ആഘോഷിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
‘ഗോഡ്‌സെയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇവര്‍ ക്ഷേത്രത്തില്‍ ഗോഡ്‌സെയുടെ ചിത്രത്തിന് ചുറ്റും ദീപങ്ങള്‍ കൊളുത്തുകയും, മധുരം വിതരണം ചെയ്യുകയും, ഭജന പാടുകയും ചെയ്തു. അവര്‍ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു’- സൂറത്ത് പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ പറയുന്നു.
‘സമാധാനാന്തരീക്ഷം തകര്‍ക്കാനും, ആളുകളെ പ്രകോപിപ്പിക്കാനുമുള്ള ശ്രമമായിരുന്നു അത്’ ശര്‍മ പറയുന്നു. സെക്ഷന്‍ 153 (കലാപം ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍), 153 A (വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍), 15B (രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം) എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗാന്ധിയുടെ ആശയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരോട് തങ്ങള്‍ സഹുഷ്ണുത വെച്ചു പുലര്‍ത്തില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ പ്രതികരണം.
നേരത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദു വിശ്വാസിയായ ഗോഡ്‌സെ ആയിരുന്നെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇത് ബി.ജെ.പിക്കിടയിലും മറ്റ് തീവ്ര വലതു പക്ഷ സംഘടനകളേയും പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
പിന്നാലെ പ്രജ്ഞ സിങിനെതിരെ മോദി രംഗത്തെത്തുകയും, പ്രജ്ഞ സംഭവത്തില്‍ മാപ്പു പറയുകയുമായിരുന്നു.