| Saturday, 24th December 2022, 11:15 am

ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഉദ്യോഗസ്ഥരോട് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഒരു ജില്ലയിലും അനധികൃത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

സംസ്ഥാനത്തെ ക്രമസമാധാനവും കൊവിഡ് സാഹചര്യവും കാലാവസ്ഥാ പ്രതിസന്ധികളും അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനമൊട്ടാകെയുള്ള മതസ്ഥാപനങ്ങളില്‍ നിന്ന് സ്‌പെഷല്‍ ഡ്രൈവിലൂടെ നീക്കം ചെയ്ത ലൗഡ് സ്പീക്കറുകള്‍ പുനഃസ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്നും യോഗി പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ യോജിച്ച പരിശ്രമം കാരണം കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ വലിയ കുറവുണ്ടായി. പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇത്തരം സാമൂഹിക വിരുദ്ധരെ പൊലീസ് തിരിച്ചറിയണം.

സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മാണവും വില്‍പനയും തടയുന്നതിന് നടപടി സ്വീകരിക്കണം. മയക്കുമരുന്നിന് അടിമകളായ പൊലീസുകാരെ കണ്ടെത്തി അവരുടെ സേവനം അവസാനിപ്പിക്കണം.

സംസ്ഥാനത്ത് ഒരിടത്തും അനധികൃത ടാക്‌സി സ്റ്റാന്‍ഡുകളും ബസ് സ്റ്റാന്‍ഡുകളും റിക്ഷാ സ്റ്റാന്‍ഡുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതിനാണ് ഇത്തരം സ്റ്റാന്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇത് ഉടന്‍ അവസാനിപ്പിക്കണം,’ യോഗി പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ നയങ്ങളെക്കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ പ്രാദേശിക സംരംഭകരെ അറിയിക്കുന്നുവെന്ന് ഉറപ്പാക്കാനും യു.പി മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. എന്‍ജിനീയറിങ് കോളജുകള്‍ പോലുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ ബിസിനസ് ഇന്‍കുബേറ്ററുകളായി പ്രവര്‍ത്തിക്കണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Celebrate Christmas, but ensure that there’s no illegal conversion: Yogi Adityanath

We use cookies to give you the best possible experience. Learn more