രാജ്യത്ത് ആറ് മാസത്തിനിടെ കണ്ടെത്തിയത് 3,000 കോടിയുടെ കള്ളപ്പണം
India
രാജ്യത്ത് ആറ് മാസത്തിനിടെ കണ്ടെത്തിയത് 3,000 കോടിയുടെ കള്ളപ്പണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2013, 6:16 pm

[]ന്യൂദല്‍ഹി: ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലായി രാജ്യത്ത് നിന്ന് കണ്ടെത്തിയത് 3,000 കോടി രൂപയുടെ കള്ളപ്പണം. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ബ്യൂറോ (സിഇഐബി) ആണ് ഇത്രയും കള്ളപ്പണം കണ്ടെത്തിയത്.

ജനുവരി മുതല്‍ ജൂലായ് വരെയുള്ള ആറു മാസത്തെ കണക്കാണിത്. ഈ കാലയളവിലെ 174 കേസുകളാണ് ബ്യൂറോ പരിശോധിച്ചത്. നികുതി വെട്ടിപ്പും കള്ളപ്പണവുമായിരുന്നു ഇതില്‍ ഏറെയും. 3,000.98 കോടി രൂപയുടെ കള്ളപ്പണം ഒഴുകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനു പുറമെ 386 കോടി രൂപയുടെ നികുതി വെട്ടിപ്പും തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ, സേവന നികുതി എന്നീ ഇനങ്ങളിലായാണ് പ്രധാനമായും നികുതി വെട്ടിപ്പ് നടന്നിരിക്കുന്നത്.

കമ്പനികളില്‍ സ്വകാര്യ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപമാര്‍ഗ്ഗത്തിലൂടെയാണ് ഇപ്പോള്‍ കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നതെന്ന് ബ്യൂറോ കണ്ടെത്തി. 2,280 കോടി രൂപയാണ് ഈ മാര്‍ഗ്ഗത്തിലൂടെ വെളിപ്പിച്ചിരിക്കുന്നത്.

കള്ളപ്പണത്തിന്റെ കണക്കുവിവരങ്ങള്‍ വിശദമായ അന്വേഷണത്തിനായി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് സിഇഐബി കൈമാാറിയിട്ടുണ്ട്.