ഞങ്ങള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തവരല്ല; തെരഞ്ഞെടുപ്പു കമ്മീഷനില്‍ ഭിന്നതയെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍
D' Election 2019
ഞങ്ങള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തവരല്ല; തെരഞ്ഞെടുപ്പു കമ്മീഷനില്‍ ഭിന്നതയെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2019, 3:03 pm

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. തന്റെ അഭിപ്രായ ഭിന്നത രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷണറില്‍ ഒരാളായ അശോക് ലവാസ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പുതിയ കാര്യമൊന്നുമല്ല. അവരെല്ലാം ഒരാളുടെ ക്ലോണുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഒരാളുടെ ക്ലോണുകളാവുമെന്ന് പ്രതീക്ഷിക്കരുത്. മുമ്പും അഭിപ്രായ ഭിന്നത വന്ന പല ഘട്ടങ്ങളുമുണ്ട്. അത് ഉണ്ടാവും, ഉണ്ടാവണം.’ സുനില്‍ അറോറ പറഞ്ഞു.

അത്തരം അഭിപ്രായ ഭിന്നതകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെ നിലനില്‍ക്കുകയാണ് പതിവെന്നും അറോറ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പെരുമാറ്റ ചട്ട ലംഘന ആരോപണങ്ങളില്‍ തീരുമാനമെടുക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്താന്‍ മെയ് 14ന് നടന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ ഐകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നത ശക്തമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷയത്തില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും കമ്മീഷണറായ അശോക് ലവാസ വിട്ടുനിന്നിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ സുനില്‍ അറോറയും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസ, സുനില്‍ ചന്ദ്ര എന്നിവര്‍ അടങ്ങിയതാണ് ഇലക്ഷന്‍ കമ്മീഷന്‍. നേരത്തെ ഐകകണ്ഠമായ തീരുമാനങ്ങളായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ അടുത്തിടെയായി പല വിഷയങ്ങളില്‍ ഭിന്നത ഉയരുകയും ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കേണ്ടി വരികയും ചെയ്തിരുന്നു.

‘ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നാണ് മെയ് നാലിന് ലാവാസ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.

‘ എന്റെ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതിനാല്‍ കമ്മീഷനില്‍ എന്റെ പങ്കാളിത്തത്തിന് പ്രാധാന്യമില്ലാതായിരിക്കുന്നു’ എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.

‘ ന്യൂനപക്ഷ അഭിപ്രായത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മറ്റു വഴികള്‍ തേടാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. സുതാര്യത ഉറപ്പാക്കാനും ന്യൂനപക്ഷ അഭിപ്രായം ഉള്‍പ്പെടെ എല്ലാ തീരുമാനങ്ങളും രേഖപ്പെടുത്താനും ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.