| Sunday, 8th December 2024, 8:03 pm

ക്രിസ്മസിന് മുന്നോടിയായി എല്ലാ യുദ്ധമുഖങ്ങളിലും വെടിനിര്‍ത്തല്‍ നടപ്പിലാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ക്രിസ്മസിന് മുന്നോടിയായി യുദ്ധാന്തരീക്ഷമുള്ള എല്ലായിടങ്ങളിലും വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫലസ്തീന്‍, ലെബനന്‍, ഉക്രൈന്‍, സിറിയ, മ്യാന്മര്‍, സുഡാന്‍, ഇസ്രഈല്‍ എന്നിവിടങ്ങളിലെല്ലാം സമാധാനത്തിനായി പ്രാര്‍ത്ഥന നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

‘ക്രിസ്മസ് ആഘോഷങ്ങളോടെ എല്ലാ യുദ്ധമുഖങ്ങളിലും വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ മുഴുവന്‍ സര്‍ക്കാരുകളോടും അന്താരാഷ്ട്ര സമൂഹത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.

ഫലസ്തീനില്‍ തുടരുന്ന ഇസ്രഈല്‍ വംശഹത്യയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ആഗോള തലത്തിൽ തന്നെ ഏറ്റവും ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തിയാണ് മാര്‍പാപ്പ. അടുത്തിടെ ഗസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

വിദഗ്ധര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ആദ്യമായാണ് ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പരോക്ഷമായാണെങ്കിലും അദ്ദേഹം പറഞ്ഞത്.

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തെ വംശഹത്യയെന്ന് പറയാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദഗ്ധര്‍ പറയുന്നത് പ്രകാരം, ഗസയിലെ ആക്രമണങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര നിയമങ്ങളുമായി വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയെന്നും മാര്‍പാപ്പ ചോദിച്ചിരുന്നു.

‘യുദ്ധം എപ്പോഴും പരാജയമാണ്. പുഞ്ചിരിക്കാന്‍ മറന്ന യുദ്ധഭൂമിയിലെ കുട്ടികളുടെ കണ്ണുകളിലെ കഷ്ടപ്പാടുകള്‍ കാണേണ്ടതുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലെബനന് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണത്തിലും മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്രഈലിന്റേത് സൈനിക അധിപത്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധം എല്ലായ്പ്പോഴും നടന്ന ആക്രമണത്തിന് ആനുപാതികമായി മാത്രമായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

‘യുദ്ധം തന്നെ അധാര്‍മികമാണ്. എങ്കില്‍ പോലും ഇതിലും ധാര്‍മികമായ ചില നിയമങ്ങളുണ്ട്,’ മാര്‍പാപ്പ ചൂണ്ടിക്കാട്ടിയ വാക്കുകളാണിവ. ഗസയിലെ ബന്ദികളുടെയും കുഞ്ഞുങ്ങളുടെയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി തവണ അദ്ദേഹം തന്റെ രാജ്യാന്തര യാത്രകളില്‍ ഉടനീളം സംസാരിച്ചിട്ടുണ്ട്.

Content Highlight: Ceasefire must be enforced on all fronts before Christmas: Pope Francis

We use cookies to give you the best possible experience. Learn more