ബെയ്‌റൂട്ട്: ഇസ്രഈലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ലെബനനില്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രഈല്‍. ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
14 മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറിന് സംയുക്തമായി സമ്മതം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും അക്രമണങ്ങള്‍ തുടര്‍ന്നു.
തിങ്കളാഴ്ച ലെബനനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രഈല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റോക്കറ്റ് വിക്ഷേപിച്ചു. തുടര്‍ന്നാണ് തലൂസ, ഹാരിസ് തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം അനൗദ്യോഗിക അതിര്‍ത്തിയായ ബ്ലൂ ലൈനില്‍ നിന്നും വടക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ലിറ്റാനി നദിക്കും ഇടയിലുള്ള സായുധസാന്നിധ്യം അവസാനിപ്പിക്കണമെന്ന് ഹിസ്ബുല്ലയോട് ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ കാലയളവിനുള്ളില്‍ ഇസ്രഈല്‍ സൈന്യവും പ്രദേശത്ത് നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഇസ്രഈല്‍ നടത്തിയത്. അതിനാല്‍ തന്നെ വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസം അര്‍പ്പിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ലെബനന്‍ പൗരന്മാര്‍ ഇപ്പോള്‍ ആശങ്കയിലാണ്.
2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്‍ സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്‍ ഇതിന് പകരമായി ഇസ്രഈല്‍ ലെബനനിലും അധിനിവേശം നടത്താന്‍ ആരംഭിച്ചു.
ഇത്തരത്തില്‍ കഴിഞ്ഞ 14 മാസമായി തുടരുന്ന ആക്രമണങ്ങളില്‍ 4000ത്തോളം പേര്‍ക്കാണ് ലെബനനില്‍ ജീവന്‍ നഷ്ടമായത്.
എന്നാല്‍ ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്‍സും യു.എസും സംയുക്തമായി നേതൃത്വം നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തിയത്. എന്നാല്‍ പ്രസ്തുത കരാര്‍ ഇപ്പോള്‍ പാഴായിരിക്കുകയാണ്.
Content Highlight: Ceasefire in name only: Israel massacres again in Lebanon